05:04am 22 April 2025
NEWS
കൊച്ചിയിൽ സ്കൂൾ കുട്ടികൾക്ക് സെറിബ്രൽ മെനഞ്ചൈറ്റിസ് ബാധ
12/03/2025  11:08 AM IST
nila
കൊച്ചിയിൽ സ്കൂൾ കുട്ടികൾക്ക് സെറിബ്രൽ മെനഞ്ചൈറ്റിസ് ബാധ

കൊച്ചിയിൽ സ്കൂൾ കുട്ടികൾക്ക് സെറിബ്രൽ മെനഞ്ചൈറ്റിസ് ബാധ. കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് കുട്ടികളിൽ രണ്ടുപേർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. മൂന്നുപേരുടെ പരിശോധനാ ഫലം ഇന്നു ലഭിക്കും. സ്വകാര്യ സ്കൂളിലെ ഏഴുവയസ്സും എട്ടുവയസ്സുമുള്ള വിദ്യാർത്ഥികൾക്കാണ് സെറിബ്രൽ മെനഞ്ചൈറ്റിസ് ബാധ സ്ഥിരീകരിച്ചത്. ഇതേ സ്കൂളിലെ മൂന്നു കുട്ടികളെ സമാനരോ​ഗ ലക്ഷണങ്ങളോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

കടുത്ത തലവേദനയെയും ഛർദ്ദിയേയും തുടർന്നാണ് കുട്ടികൾ  ചികിത്സ തേടിയത്. രണ്ട് സ്വകാര്യ ആശുപത്രികളിലായാണ് അഞ്ചുപേർ ചികിത്സയിൽ കഴിയുന്നത്. പ്രാഥമിക പരിശോധനയിലാണ് മസ്തിഷ്ക ജ്വരമാണെന്ന സംശയം ഉയർന്നത്. രണ്ട് കുട്ടികളെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാൽ, ആരോ​ഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

രോഗബാധയെ തുടർന്ന് സ്കൂളിലെ പ്രൈമറിതല പരീക്ഷ മാറ്റിവെച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ വീട്ടിലിരുത്തണമെന്നും രക്ഷിതാക്കൾക്ക് നിർദേശം നൽകി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി അറിയിച്ചു. അസുഖബാധിതരായ കുട്ടികളോട് സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്നും മാസ്ക് അടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.