03:58pm 07 November 2026
NEWS
വൈലത്തൂരിൽ എഎസ്‌ഐയെ ആക്രമിച്ച കേസ്; ഒളിവിലായിരുന്ന രണ്ടാം പ്രതിയും പിടിയിൽ
07/11/2026  03:25 PM IST
nila
വൈലത്തൂരിൽ എഎസ്‌ഐയെ ആക്രമിച്ച കേസ്; ഒളിവിലായിരുന്ന രണ്ടാം പ്രതിയും പിടിയിൽ

 

മലപ്പുറം: വൈലത്തൂരിൽ പോലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയും അറസ്റ്റിൽ. മുഹമ്മദ് സഫ്‌വാനെ ആലപ്പുഴയിൽ നിന്നാണ് പോലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ദിൽഷാദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് യുവാക്കൾ തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എഎസ്‌ഐ രാമചന്ദ്രൻ മൊഴി നൽകി.

വൈലത്തൂർ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമായിരുന്നു ആക്രമണത്തിന് കാരണമായ സംഭവം. ഹെൽമറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാക്കളുടെ പെരുമാറ്റത്തിൽ ലഹരി ഉപയോഗം സംശയം തോന്നിയതിനെ തുടർന്ന് എഎസ്‌ഐ ഇവരുടെ വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്തിരുന്നു. ഇതിൽ പ്രകോപിതരായ യുവാക്കൾ പിന്നീട് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

സംഭവത്തിനുശേഷം ഒളിവിൽ പോയ സഫ്‌വാനെ കണ്ടെത്താൻ രണ്ടുദിവസമായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ട്രെയിൻ മാർഗം ആലപ്പുഴയിലേക്ക് കടന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അവിടെയെത്തി അറസ്റ്റ് ചെയ്തത്.

ലഹരിയിടപാട് കേസിൽ രണ്ട് വർഷം അബുദാബി ജയിലിൽ കഴിഞ്ഞിട്ടുള്ളയാളാണ് സഫ്‌വാനെന്ന് പോലീസ് പറയുന്നു. പിന്നീട് നാടുകടത്തപ്പെട്ട് നാട്ടിലെത്തിയ ഇയാൾ ലഹരിയിടപാടിലും കവർച്ചയിലും ഏർപ്പെട്ടതായും ആരോപണമുണ്ട്. സ്വന്തം വീട്ടിൽനിന്ന് 40 പവൻ സ്വർണം മോഷ്ടിച്ചെന്ന പരാതിയും ഇയാൾക്കെതിരെയുണ്ടെന്ന് കൽപകഞ്ചേരി പോലീസ് വ്യക്തമാക്കി.

ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ എഎസ്‌ഐ രാമചന്ദ്രൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മൂക്കിന്റെ പാലം, ചുണ്ട്, ഇടതുകണ്ണിന്റെ പുരികം എന്നിവിടങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് എഎസ്‌ഐയുടെ മൊഴി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img