
കൊൽക്കത്ത: ഒരിക്കൽ ശരീരവടിവിന്റെ പേരിൽ ആരാധകരുടെ പ്രിയതാരമായിരുന്നു ഋതാഭരി ചക്രവർത്തി. പിന്നീട് ആരോഗ്യപ്രശ്നങ്ങൾ ശരീരത്തെ മാറ്റിമറിച്ചു. ഭാരം കൂടിയതോടെ ട്രോളുകളും പരിഹാസങ്ങളും മാത്രമല്ല, സിനിമയിലെ അവസരങ്ങൾ പോലും നഷ്ടമായി. എന്നാൽ അവിടെയും ഋതാഭരി പിന്മാറിയില്ല. ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ച് സ്വന്തം ശരീരത്തെയും ജീവിതത്തെയും തിരിച്ചുപിടിച്ച കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചുരുങ്ങിയ കാലയളവിനിടെ പിത്തസഞ്ചി ശസ്ത്രക്രിയ ഉൾപ്പെടെ നാല് പ്രധാന ശസ്ത്രക്രിയകളിലൂടെയാണ് നടിക്ക് കടന്നുപോകേണ്ടിവന്നത്. ശസ്ത്രക്രിയകൾക്ക് പിന്നാലെ കഴിക്കേണ്ടിവന്ന മരുന്നുകളുടെ പാർശ്വഫലങ്ങളും ശരീരഭാരം വർധിക്കാൻ കാരണമായി.
അപ്പോഴാണ് ‘ഫറ്റാഫറ്റി’ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി വീണ്ടും വലിയൊരു ശരീരമാറ്റത്തിന് ഋതാഭരി തയ്യാറായത്. പ്ലസ് സൈസ് കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏകദേശം 15 കിലോ ഭാരം കൂടി കൂട്ടുകയായിരുന്നു.
പക്ഷേ സിനിമയ്ക്കുവേണ്ടി നടത്തിയ ആ മാറ്റം വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. സമൂഹമാധ്യമങ്ങളിൽ പരിഹാസവും അധിക്ഷേപവും നിറഞ്ഞു. ശരീരഭാരം കൂടിയതിന്റെ പേരിൽ ചില വലിയ സിനിമാ പ്രോജക്ടുകളിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും ഋതാഭരി പറയുന്നു.
സിനിമാ മേഖലയിലെ സ്ത്രീകളെ വിലയിരുത്തുന്ന രീതിയെയും നടി ചോദ്യം ചെയ്തു. മെലിഞ്ഞ സ്ത്രീകളെയാണ് പുരുഷന്മാർക്ക് ഇഷ്ടമെന്ന ധാരണയ്ക്ക് സിനിമാ മേഖലയിൽ ഇപ്പോഴും വലിയ സ്വാധീനമുണ്ടെന്നാണ് ഋതാഭരിയുടെ നിലപാട്.
‘മെലിഞ്ഞിരിക്കണം’ എന്ന സമ്മർദം
കരിയറിന്റെ തുടക്കത്തിൽ ശരീരഭാരം കുറച്ച് നിലനിർത്താൻ ഋതാഭരി സ്വീകരിച്ചിരുന്നത് കടുത്ത രീതികളായിരുന്നു. ദിവസങ്ങളോളം കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്ന ഡയറ്റ്, ഷൂട്ടിങ്ങിന് മുമ്പ് വെള്ളം പോലും കുടിക്കാതിരിക്കുക, മണിക്കൂറുകളോളം ജോലി ചെയ്ത ശേഷവും ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുക തുടങ്ങിയ രീതികൾ പിന്തുടർന്നിരുന്നു.
എന്നാൽ പിന്നീട് മാസങ്ങളോളം കിടപ്പിലാകേണ്ടിവന്നതോടെ ശരീരത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറിയെന്ന് അവർ പറയുന്നു.
ഒരു പടിക്കെട്ടിൽ തുടങ്ങിയ തിരിച്ചുവരവ്
2024-ൽ സ്വന്തമായി വാങ്ങിയ വീടിന്റെ പടികൾ കയറുന്നതിനിടെ അനുഭവപ്പെട്ട ശ്വാസതടസ്സമാണ് ഋതാഭരിയെ വീണ്ടും ആരോഗ്യത്തിലേക്ക് തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചത്.
അതിനുശേഷം ശരീരഭാരം കുറയ്ക്കുക എന്ന ഒറ്റ ലക്ഷ്യത്തിനുപകരം ആരോഗ്യമുള്ള ജീവിതശൈലിയിലേക്ക് മാറാനാണ് അവർ തീരുമാനിച്ചത്. സഹപ്രവർത്തകയായ സുഭാശ്രീ ഗാംഗുലിയുടെ പരിചയത്തിലൂടെ ലഭിച്ച ന്യൂട്രീഷ്യനിസ്റ്റിന്റെ സഹായത്തോടെ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും മാറ്റം വരുത്തി.
ക്രാഷ് ഡയറ്റുകൾ ഒഴിവാക്കി ശരീരത്തിന് ആവശ്യമായ ഊർജം നിലനിർത്തുക, കൂടുതൽ നടക്കുക, ശരീരം സജീവമായി നിലനിർത്തുക എന്നിവയ്ക്കാണ് അവർ പ്രാധാന്യം നൽകിയത്.
ടെലിവിഷനിൽ നിന്ന് ബംഗാളി സിനിമയിലേക്ക്
‘ഓഗോ ബോധു സുന്ദരി’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെയാണ് ഋതാഭരി പ്രേക്ഷകശ്രദ്ധ നേടിയത്. പിന്നീട് ബംഗാളി സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറി.
‘ബഹുരൂപി’, ‘ബ്രഹ്മ ജാനൻ ഗോപോൺ കൊമ്മോതി’, ‘ഫറ്റാഫറ്റി’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ താരത്തിന് നിരൂപക പ്രശംസ നേടിക്കൊടുത്തു. അനുഷ്ക ശർമ നിർമിച്ച ‘പരി’യിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു.
അഭിനയത്തിന് പുറമെ എഴുത്തിലും നിർമാണത്തിലും കഴിവ് തെളിയിച്ച താരമാണ് ഋതാഭരി. കൽക്കി കോച്ച്ലിൻ അഭിനയിച്ച ‘നേക്കഡ്’ എന്ന ഹ്രസ്വചിത്രത്തിന്റെ രചനയും നിർമാണവും അവർ നിർവഹിച്ചു.
ശരീരത്തിന്റെ വലുപ്പത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ മുൻവിധികൾക്കും സിനിമയിലെ സൗന്ദര്യ സങ്കൽപങ്ങൾക്കും മുന്നിൽ വഴങ്ങാതെ സ്വന്തം വഴിയിലൂടെ മുന്നേറുകയാണ് ഋതാഭരി. കഥാപാത്രങ്ങൾക്കായി ശരീരം മാറ്റാൻ തയ്യാറായ അതേ വ്യക്തി, പിന്നീട് സ്വന്തം ആരോഗ്യത്തിനായി ആ ശരീരത്തെ തിരിച്ചുപിടിച്ചതാണ് അവരുടെ കഥയെ വ്യത്യസ്തമാക്കുന്നത്.










