08:24pm 12 November 2026
NEWS
കൊല്ലം–എറണാകുളം റൂട്ടിൽ മെമു യാത്ര നരകയാത്ര
22/01/2026  08:36 AM IST
nila
കൊല്ലം–എറണാകുളം റൂട്ടിൽ മെമു യാത്ര നരകയാത്ര

കൊല്ലം: കൊല്ലം–എറണാകുളം റൂട്ടിലെ മെമു ട്രെയിനുകളിൽ നിയന്ത്രണാതീതമായ തിരക്ക്. യാത്രക്കാർക്ക് ഗുരുതരമായ ദുരിതമാണ് മെമു യാത്രകൾ സമ്മാനിക്കുന്നത്. യാത്രക്കിടെ തിരക്കു സഹിക്കാനാകാതെ ആളുകൾ കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അവധി കഴിഞ്ഞ് യാത്രക്കാരുടെ തിരിച്ചുവരവ് കൂടുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് അവസ്ഥ ഏറ്റവും വഷളാകുന്നത്.

കൊല്ലം–എറണാകുളം റൂട്ടിൽ മെമു ട്രെയിനുകളിൽ രാവിലെ–വൈകിട്ട് എന്ന വ്യത്യാസമില്ലാതെ ദിവസമൊട്ടാകെ തിരക്കാണ്. കുറഞ്ഞ ടിക്കറ്റ് നിരക്കും സർവീസുകളുടെ സൗകര്യവുമാണ് പ്രധാന ആകർഷണം. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് മെമുകൾ ചെലവുകുറഞ്ഞതായതിനാൽ വിദ്യാർത്ഥികളും ജീവനക്കാരും അടക്കം വലിയൊരു വിഭാഗം യാത്രക്കാർ ഇതിനെ ആശ്രയിക്കുന്നു.

ദേശീയപാത നിർമാണം പുരോഗമിക്കുന്നതിനാൽ ബസിൽ യാത്ര ചെയ്യാൻ കൂടുതൽ സമയം വേണ്ടിവരുന്നു. ഇതോടെ മുമ്പ് ബസ് ഉപയോഗിച്ചിരുന്ന നിരവധി യാത്രക്കാർ മെമുവിലേക്കു മാറി. എക്സ്‌പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ കുറവും ഈ തിരക്ക് വർധിപ്പിക്കുന്ന ഘടകമാണ്. കൊല്ലത്ത് നിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയും എറണാകുളത്തേക്കുള്ള എല്ലാ മെമു സർവീസുകളിലും ഇതേ അവസ്ഥയാണ്.

യാത്രക്കാർ നേരിടുന്ന ദുരിതം

പല മെമു സർവീസുകളും എട്ട് റേക്കുകളോടെയാണ് ഓടുന്നത്. കോച്ചുകൾ വർധിപ്പിക്കാത്തതോടെ ഉള്ളിൽ ഇടം ലഭിക്കാതെ യാത്രക്കാർ ചവിട്ടുപടിയിലും ടോയ്ലറ്റിലേക്കുള്ള വരാന്തകളിലും നിൽക്കേണ്ടി വരുന്നു. കൊല്ലത്ത് നിന്ന് പുറപ്പെട്ട് കായംകുളം എത്തുന്നതിന് മുൻപേ തന്നെ ട്രെയിനുകൾ വാതിൽപ്പടി വരെ നിറയുന്നു. ഓരോ സ്റ്റേഷനിലും ഇറങ്ങുന്നവരെക്കാൾ കൂടുതൽ ആളുകൾ കയറുന്നതോടെ യാത്ര സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്നു.

യാത്രക്കാരുടെ ആവശ്യം

റേക്കുകളുടെ എണ്ണം അടിയന്തിരമായി വർധിപ്പിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. നിലവിലെ സാഹചര്യത്തിൽ മെമു സർവീസുകളുടെ ശേഷി കൂട്ടിയില്ലെങ്കിൽ യാത്രക്കാരുടെ ദുരിതം തുടരുമെന്ന ആശങ്കയാണ് ഉയരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img