01:37pm 28 October 2026
NEWS
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ
10/04/2026  11:53 AM IST
nila
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ

വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരു വ്യക്തിപരമായ ബന്ധവുമില്ലെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് വ്യക്തമാക്കി. എപ്സ്റ്റീനുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും അവർ നിഷേധിച്ചു. ഡൊണാൾഡ് ട്രംപിനെ വിവാഹം കഴിച്ചതിന് ശേഷമാണ് താൻ എപ്സ്റ്റീനെ നേരിൽ കാണുന്നതെന്നും എപ്സ്റ്റീൻ വഴിയല്ല ട്രംപിനെ പരിചയപ്പെട്ടതെന്നും മെലാനിയ വ്യക്തമാക്കി. 

എപ്സ്റ്റീന്റെ ഇരയായിട്ടില്ലെന്നും, അദ്ദേഹത്തോടോ അദ്ദേഹത്തിന്റെ കൂട്ടാളി ഗിസ്‌ലൈൻ മാക്‌സ്‌വെല്ലുമായോ സൗഹൃദബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും മെലാനിയ പറഞ്ഞു. മാക്‌സ്‌വെല്ലുമായി സാധാരണ ഇമെയിൽ ആശയവിനിമയം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അവർ കൂട്ടിച്ചേർത്തു. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും, അതിന് പിന്നിലുള്ളവർക്ക് നൈതികതയില്ലെന്നും മെലാനിയ ആരോപിച്ചു. ന്യൂയോർക്കിലും പാം ബീച്ചിലും നടന്ന ചില പൊതുപരിപാടികളിൽ, എപ്സ്റ്റീനും താനും ഭർത്താവായ ഡൊണാൾഡ് ട്രംപും ഒരേ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടാകാമെന്നും അവർ സമ്മതിച്ചു.

എപ്സ്റ്റീൻ വഴിയല്ല ട്രംപിനെ പരിചയപ്പെട്ടതെന്ന് മെലാനിയ വിശദീകരിക്കന്നു. ട്രംപിനെ 1998-ൽ ഒരു പാർട്ടിയിലായിരുന്നു ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട്,  2000-ൽ ട്രംപിനൊപ്പം പങ്കെടുത്ത ഒരു ചടങ്ങിലാണ് എപ്സ്റ്റീനെ ആദ്യമായി കണ്ടതെന്നും, അന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അവർ പറഞ്ഞു. എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിലോ ദ്വീപിലോ താൻ ഒരിക്കലും പോയിട്ടില്ലെന്നും, അദ്ദേഹവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ സാക്ഷിയുമല്ലെന്നും മെലാനിയ വ്യക്തമാക്കി. അതേസമയം, എപ്സ്റ്റീന്റെ പീഡനത്തിനിരയായവർക്ക് യു.എസ്. കോൺഗ്രസിന് മുന്നിൽ സത്യവാങ്മൂലം നൽകാൻ അവസരം നൽകുന്ന ഹിയറിംഗ് സംഘടിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഓരോ സ്ത്രീക്കും അവരുടെ അനുഭവങ്ങൾ പൊതുസമൂഹത്തോട് തുറന്നുപറയാനുള്ള അവകാശമുണ്ടെന്നും, ആ മൊഴികൾ കോൺഗ്രസ് രേഖകളിൽ സ്ഥിരമായി ഉൾപ്പെടുത്തണമെന്നും മെലാനിയ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങളും തെറ്റായ വിവരങ്ങളും വിശ്വസിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img