11:53pm 11 November 2026
NEWS
മേഘാലയ ചെറി ബ്ലോസം ഫെസ്റ്റിവൽ സമാപിച്ചു
21/11/2025  07:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മേഘാലയ ചെറി ബ്ലോസം ഫെസ്റ്റിവൽ സമാപിച്ചു

ഷില്ലോംഗ്: രാജ്യത്തെ കോൺസെർട്ട് ഇക്കണോമി യിലും സാംസ്‌കാരിക വിനോദസഞ്ചാര രംഗത്തും പുതിയ നാഴികക്കല്ല് തീർത്തുകൊണ്ട് മേഘാലയയുടെ സാംസ്‌കാരിക ആഘോഷമായ ഷില്ലോംഗ് ചെറി ബ്ലോസം ഫെസ്റ്റിവൽ 2025 സമാപിച്ചു.

മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മ ഉദ്ഘാടനം ചെയ്‌ത ഫെസ്റ്റിവലിൽ ദി സ്ക്രിപ്റ്റ് , ജേസൺ ഡെറൂളോ, ആക്വാ, ഡിപ്ലോ, ടൈഗ, നോറ ഫത്തേഹി എന്നിവരുൾപ്പെടെയുള്ള ലോകോത്തര ആർട്ടിസ്റ്റുകളുടെ പ്രകടനങ്ങൾ ആയിരക്കണക്കിന് കാണികളെ ആവേശത്തിലാഴ്ത്തി.

നോറ ഫത്തേഹിയുടെ പ്രകടനത്തോടെ ആരംഭിച്ച ആദ്യ ദിനം ഐറിഷ് റോക്ക് ഐക്കണുകളായ 'ദി സ്ക്രിപ്റ്റിൻ്റെ' പ്രകടനവും ജേസൺ ഡെറൂളോയുടെ ലൈറ്റ് ഷോയോടുകൂടിയ പ്രകടനവും സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. രണ്ടാം ദിനം ഡാനിഷ് പോപ്പ് ഇതിഹാസങ്ങളായ 'ആക്വ'യുടെ പ്രകടനവും മൂന്ന് തവണ ഗ്രാമി നേടിയ 'ഡിപ്ലോ'യുടെ ഇലക്ട്രോണിക് സംഗീതവും ആവേശഭരിതമായ ഫിനാലെ ഒരുക്കി.

അന്തരിച്ച സംഗീത ഇതിഹാസം സുബീൻ ഗാർഗിന് ഫെസ്റ്റിവലിൽ ആദരാഞ്ജലി അർപ്പിച്ചത് വൈകാരികമായ നിമിഷമായി. സുബ്ലീ ബറുവ, പ്രബിൻ ബോറ, പ്രിയങ്ക ഭരളി, അരൂപ്ജ്യോതി ബറുവ എന്നിവർ ചേർന്നവതരിപ്പിച്ച "മായാബിനി" എന്ന ഗാനം ആയിരക്കണക്കിന് പേർ ഒരുമിച്ച് ആലപിച്ചു.

പ്രധാന വേദിക്കപ്പുറം, വാർഡ്‌സ് ലേക്കിൽ നടന്ന ജപ്പാൻ അരീന യും ശ്രദ്ധേയമായി. ഇവിടെ ഒറിഗാമി വർക്ക്‌ഷോപ്പുകൾ, കോസ്‌പ്ലേ തിയേറ്റർ, ജാപ്പനീസ് സാംസ്‌കാരിക പ്രദർശനങ്ങൾ എന്നിവ അരങ്ങേറി. 

പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന 'സിഎം മേഘാലയ ഗ്രാസ്റൂട്ട്സ് മ്യൂസിക് പ്രോജക്റ്റ്' (എംജിഎംപി )-ൻ്റെ വിജയവും ഈ ഫെസ്റ്റിവലിൽ പ്രകടമായിരുന്നു. മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ജേസൺ ഡെറൂളോ, ആക്വാ തുടങ്ങിയ താരങ്ങളെ ഫെസ്റ്റിവൽ സ്വാഗതം ചെയ്‌തു.

സാമ്പത്തിക വർഷം 2024 -ൽ 1.6 ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിച്ച മേഘാലയ, വിനോദസഞ്ചാര മേഖലയിൽ വലിയ വളർച്ചയാണ് നേടുന്നത്. പ്രകൃതിദത്തവും സാംസ്‌കാരികവുമായ സമ്പന്നതയുള്ള ഒരു ലക്ഷ്യസ്ഥാനമായി രാജ്യത്തിൻ്റെ മുൻനിരയിൽ ഇടം നേടാൻ ഈ ഫെസ്റ്റിവൽ മേഘാലയയെ സഹായിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img