04:44pm 14 September 2026
NEWS
ലോകനേതാക്കളുമായി കൂടിക്കാഴ്ച; ബ്രിക്സിൽ ഇന്ത്യയുടെ നയതന്ത്ര മാരത്തൺ പൂർത്തിയായി
14/09/2026  12:15 PM IST
ന്യൂസ് ബ്യൂറോ
ലോകനേതാക്കളുമായി കൂടിക്കാഴ്ച; ബ്രിക്സിൽ ഇന്ത്യയുടെ നയതന്ത്ര മാരത്തൺ പൂർത്തിയായി

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വിവിധ രാജ്യനേതാക്കളുമായി നടത്തിയത് 15 ഉഭയകക്ഷി ചർച്ചകൾ. ഇതിന് പുറമെ നിരവധി ലോകനേതാക്കളുമായും അന്താരാഷ്ട്ര സംഘടനാ മേധാവികളുമായും അനൗപചാരിക കൂടിക്കാഴ്ചകളും നടന്നു. ഇന്നലെ മാത്രം ഏഴ് രാജ്യങ്ങളിലെ നേതാക്കളുമായി മോദി ചർച്ച നടത്തി.
​ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താഹ് അൽ സിസി, കസാഖിസ്ഥാൻ പ്രസിഡന്റ് കാസിജോമാർട്ട് ടോകയേവ്, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, ബുറുണ്ടി പ്രസിഡന്റ് എവറിസ്റ്റ് എൻദായിഷിമിയേ, നൈജീരിയൻ വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമ, ഉഗാണ്ടൻ വൈസ് പ്രസിഡന്റ് ജെസിക്ക അലൂപോ എന്നിവരുമായാണ് ഇന്നലെ കൂടിക്കാഴ്ച നടത്തിയത്.
​വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യം, ഊർജം, വികസന സഹകരണം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകൾ ചർച്ചയായി. ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ വിപുലപ്പെടുത്തുന്നതിനും കൂടിക്കാഴ്ചകൾ വഴിയൊരുക്കി.
​മധ്യേഷ്യയിലെ പ്രധാന പങ്കാളിയായ കസാഖിസ്ഥാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതും ചർച്ചയിലെ പ്രധാന വിഷയമായി. ഫിലിപ്പീൻസുമായുള്ള കൂടിക്കാഴ്ചയിൽ തെക്കുകിഴക്കൻ ഏഷ്യയിലെ സഹകരണം, ആസിയാൻ മേഖലയുമായുള്ള ബന്ധം എന്നിവയ്ക്ക് പ്രാധാന്യം നൽകി. ഈജിപ്തുമായുള്ള ചർച്ചയിൽ ഉഭയകക്ഷി ബന്ധത്തിനൊപ്പം പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ചർച്ചയായി.
​ദക്ഷിണാഫ്രിക്ക, ബുറുണ്ടി, നൈജീരിയ, ഉഗാണ്ട എന്നീ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചകൾ ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായാണ്. കഴിഞ്ഞ മൂന്ന് ദിവസത്തെ ഉഭയകക്ഷി ചർച്ചകൾക്ക് പുറമെ വിവിധ രാജ്യങ്ങളുടെ നേതാക്കളുമായും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ മേധാവികളുമായും നടന്ന കൂടിക്കാഴ്ചകളും ഇന്ത്യയുടെ ബ്രിക്സ് നയതന്ത്ര ഇടപെടലിന്റെ ഭാഗമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img