08:10am 29 April 2026
NEWS
കർണാടകത്തിലെ എംഎൽഎമാരെ കാണുന്നത് നേതൃമാറ്റത്തെ കുറിച്ച് ആലോചിക്കാനല്ല- ഹൈക്കമാണ്ട് പ്രതിനിധി
02/07/2025  11:06 AM IST
വിഷ്ണുമംഗലം കുമാർ
കർണാടകത്തിലെ എംഎൽഎമാരെ കാണുന്നത് നേതൃമാറ്റത്തെ കുറിച്ച് ആലോചിക്കാനല്ല-  ഹൈക്കമാണ്ട്  പ്രതിനിധി

 ബംഗളുരു: സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നുള്ള അഭ്യൂഹം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാല നിഷേധിച്ചു. " ഇന്നലെ തന്നെ ഞാൻ അക്കാര്യം വ്യക്തമാക്കിയതാണ്. നേതൃമാറ്റത്തിനുള്ള അഭിപ്രായമറിയാനല്ല എംഎൽ എമാരെ കാണുന്നത്. അവരുടെ മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനാണ്. മറിച്ചുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്" സുർജെവാല വ്യക്തമാക്കി. പിസിസി അധ്യക്ഷപദവി വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. " വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ഗവണ്മെന്റിന്റെ പക്കലുണ്ട്. ജനങ്ങൾക്ക് നൽകുന്ന സൗജന്യങ്ങൾ നിർത്തിക്കാനാണ് പ്രതിപക്ഷം വികസനത്തിന്‌ പണമില്ലെന്ന ആരോപണമുന്നയിക്കുന്നത്. ഞങ്ങളുടെ ചില എംഎൽഎ മാരും അത്തരം പരാതികളുമായി മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. അവരെ പ്രത്യേകം കാണുന്നുണ്ട് " ജനറൽ സെക്രട്ടറി പറഞ്ഞു. "പ്രതിപക്ഷത്തിരിക്കുന്ന ബിജെപിയുടെ നേതാക്കളായ വിജയേന്ദ്രയ്ക്കും അശോകിനുമൊക്കെ തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്ന അഞ്ചു സൗജന്യങ്ങൾ തുടർച്ചയായി നൽകുന്നത് സഹിക്കുന്നില്ല. 58000 കോടി രൂപ നേർവഴിയിലൂടെ സാധാരണക്കാരായ കന്നഡിഗരുടെ കയ്യിലെത്തുന്നതാണ് അവർക്ക് ഇഷ്ടപ്പെടാത്തത്. പക്ഷെ ആ ജനവിരുദ്ധ വിമർശനം ഞങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ല" എ ഐ സിസി ജനറൽ സെക്രട്ടറി വിശദീകരിച്ചു. "മുഖ്യമന്ത്രി മാറണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്      ഹൈക്കമാണ്ടാണ്. അത്തരം ഒരു ആലോചന ഇപ്പോൾ ഹൈ ക്കമാണ്ടിന്റെ മുന്നിലില്ല" സംസ്ഥാനത്തുനിന്നുള്ള മുതിർന്ന നേതാവും എ ഐ സിസി അധ്യക്ഷനുമായ മല്ലികാർജ്ജുന ഖാർഗെയും വ്യക്തമാക്കി. നിയമമന്ത്രി എച്ച് കെ പാട്ടീലും രൺദീപ് സിംഗ് സുർജെവാല എം എൽ എ മാരെ കാണുന്നത് നേതൃമാറ്റവുമായി ബന്ധപ്പെട്ടല്ലെന്നും കാലാവധി പൂർത്തിയാവുംവരെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും വ്യക്തമാക്കി. എന്നാൽ കോൺഗ്രസ്സിനെ അധികാരത്തിലേറാൻ പ്രാപ്തമാക്കിയത് ഡി കെ ശിവകുമാറാണെന്നും നൂറിലേറെ എം എൽ എമാർ അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും രൺദീപ് സിംഗ് സുർജെ വാലയെ കണ്ടതിന് ശേഷം രാമനഗര എംഎൽഎ ഇക്ബാൽ ഹുസൈൻ ആവർത്തിച്ചു. അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. ശിവകുമാറിന്റെ അടുത്ത അനുയായിയാണ് ഇക്ബാൽ ഹുസൈൻ. " സിദ്ധരാമയ്യ ഞങ്ങളുടെ നേതാവാണ്. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറേണ്ട സാഹചര്യമില്ല." പരോക്ഷമായ അധികാര വടംവലികൾക്കിടയിലും സിദ്ധരാമയ്യയുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന ശിവകുമാർ നിലപാട് വ്യക്തമാക്കി. സിദ്ധരാമയ്യ ഭാഗ്യവാനായതിനാലാണ് അദ്ദേഹത്തിന് രണ്ടു തവണ മുഖ്യമന്ത്രിയാകാൻ സാധിച്ചതെന്ന് ബി ആർ പാട്ടീൽ എംഎൽഎ പറയുന്ന ഫോൺസംഭാഷണം പുറത്തായി. അദ്ദേഹം സിദ്ധരാമയ്യ ഗവണ്മെന്റിനെ വിമർശിക്കുന്ന മറ്റൊരു ഫോൺ സംഭാഷണം കഴിഞ്ഞ ആഴ്ച പുറത്തായി വിവാദമായിരുന്നു.  "സിദ്ധരാമയ്യയെ സോണിയഗാന്ധിയ്ക്ക് പരിചയപ്പെടുത്തിയത് ഞാനാണ്. തലേലെഴുത്ത് നന്നായതിനാൽ അദ്ദേഹം രക്ഷപ്പെട്ടു " രണ്ടാമത്തെ ഫോൺ സംഭാഷണത്തിൽ ബി ആർ പാട്ടീൽ തുറന്നടിക്കുന്നു. 2005-ൽ സിദ്ധരാമയ്യയോടൊപ്പം ജെഡിഎസ് വിട്ട നേതാവാണ് പാട്ടീൽ. സിദ്ധരാമയ്യ ഉടൻതന്നെ കോൺഗ്രസ്സിൽ ചേർന്നപ്പോൾ പാട്ടീൽ എത്തിയത് വൈകിയാണ്. സിദ്ധരാമയ്യ ആദ്യമായി 1983ൽ എംഎൽഎ യായത് ഭാരതീയ ലോക്ദൾ സ്ഥാനാർഥിയായാണ്. പിന്നീട് രാമകൃഷ്ണ ഹെഗ്‌ഡെയുടെ അഭ്യർത്ഥന മാനിച്ച് ജനതാ പാർട്ടിയിൽ ചേരുകയായിരുന്നു.  1983ൽ ജനതാപാർട്ടി സ്ഥാനാർത്ഥിയായി അലന്ദിൽ നിന്ന് വിജയിച്ച നേതാവാണ് ബി ആർ പാട്ടീൽ.  2004ൽ ജെഡി എസ്സ് ടിക്കറ്റിലും 2013ൽ കർണാടക ജനതാപക്ഷ സ്ഥാനാർഥിയായും അലന്ദിൽ നിന്ന് വിജയിച്ച അദ്ദേഹം പിന്നീട് കോൺഗ്രസ്സിലെത്തി. 2023ൽ കോൺഗ്രസ്സ് സ്ഥാനാർഥിയായാണ് അതേ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഇതുവരെ മന്ത്രിയാകാൻ സാധിക്കാത്തതിലുള്ള നിരാശ മൂലമാണ് ഈ മുതിർന്ന നേതാവിൽ നിന്ന് പരസ്യപ്രതികരണമുണ്ടാവുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ബി ആർ പാട്ടീലിന്റെ 'തലേലെഴുത്ത്' പരാമർശത്തോട് പ്രതികരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടാക്കിയില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img