05:12pm 06 November 2026
NEWS
വയനാടിനുള്ള കേന്ദ്ര വായ്പ പെട്ടെന്ന് ഉപയോ​ഗിക്കാൻ വഴിതേടി സംസ്ഥാന സർക്കാർ

15/02/2025  12:46 PM IST
nila
വയനാടിനുള്ള കേന്ദ്ര വായ്പ പെട്ടെന്ന് ഉപയോ​ഗിക്കാൻ വഴിതേടി സംസ്ഥാന സർക്കാർ

വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം അനുവദിച്ച വായ്പ പെട്ടെന്ന് ഉപയോ​ഗിക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. മാർച്ച് 31 നകം ഉപയോഗിക്കണമെന്ന് വ്യവസ്ഥയോടെയാണ് വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചത്. സമയബന്ധിതമായി ഈ പണം വിനിയോ​ഗിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച ചർച്ചകൾക്ക് വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കാനാണ് സർക്കാർ നീക്കം. 

മൂലധനിക്ഷേപ പദ്ധതികൾക്കുള്ള പ്രത്യേക സഹായ പദ്ധതിയിലാണ് വായ്പ അനുവദിച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ടു ടൗൺഷിപ്പുകളിലെ പൊതുകെട്ടിടങ്ങൾ, 110 കെവി സബ് സ്റ്റേഷൻ, റോഡുകൾ, പാലം, വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളുടെ പുനർനിർമാണം,വൈത്തിരി താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം തുടങ്ങിയ 16 പദ്ധതികൾക്കാണ് വായ്പ അനുവദിച്ചത്.

എത്രയും പെട്ടെന്ന് തുക ഉപയോ​ഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകയ്യെടുത്താണ് തുടർ നടപടി ചർച്ച ചെയ്യുന്നത്. പദ്ധതി തുടങ്ങി വെച്ച ശേഷം കേന്ദ്രത്തോട് കൂടുതൽ സമയം തേടാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.  മൂലധന നിക്ഷേപ പദ്ധതികളിലെ വായ്പ 50 വർഷം കൊണ്ട് തിരിച്ചടയ്ക്കണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img