11:22am 11 November 2026
NEWS
​മെഡിസെപ് പ്രീമിയം 750 രൂപയിൽ കൂടാൻ സാധ്യത; ജീവനക്കാർ ആശങ്കയിൽ
26/09/2025  09:21 AM IST
സുരേഷ് വണ്ടന്നൂർ
​മെഡിസെപ് പ്രീമിയം 750 രൂപയിൽ കൂടാൻ സാധ്യത; ജീവനക്കാർ ആശങ്കയിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പ്രതിമാസ പ്രീമിയം തുക വർധിച്ചേക്കുമെന്ന് സൂചന. സർക്കാർ നിശ്ചയിച്ച 750 രൂപയിൽ ഒതുങ്ങില്ലെന്നും, ഇൻഷുറൻസ് കമ്പനികൾ ഉയർന്ന പ്രീമിയം ആവശ്യപ്പെട്ടാൽ അത് അംഗീകരിക്കേണ്ടി വരുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി.

​നിലവിലെ മൂന്നുവർഷത്തെ പദ്ധതിയിൽ പ്രതിമാസ പ്രീമിയം 500 രൂപയാണ്. പുതിയ കരാർ രണ്ടു വർഷത്തേക്കാണ്. ആദ്യ വർഷത്തെ പ്രീമിയത്തിൽ രണ്ടാം വർഷം 5% വർധന അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആദ്യ പദ്ധതി ഏറ്റെടുത്ത ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് പ്രീമിയമായി ലഭിച്ചതിനേക്കാൾ കൂടുതൽ തുക ചികിത്സാ ചെലവുകൾക്കായി നൽകേണ്ടി വന്നതാണ് പുതിയ സാഹചര്യത്തിന് കാരണം. ഏകദേശം 87 കോടിയോളം രൂപയുടെ ക്ലെയിമുകൾ അവസാനഘട്ടത്തിൽ ഇൻഷുറൻസ് കമ്പനി നിരസിച്ചിരുന്നു. ഉയർന്ന പ്രീമിയം തുക അംഗീകരിച്ചാൽ മാത്രമേ പുതിയ പദ്ധതി ഏറ്റെടുക്കാൻ ഇൻഷുറൻസ് കമ്പനികൾ തയ്യാറാവുകയുള്ളൂ.

​സാമ്പത്തിക ഭാരം സാധാരണക്കാർക്ക്

​കുറഞ്ഞ വരുമാനമുള്ള ജീവനക്കാരെയും പെൻഷൻകാരെയും പ്രീമിയം തുക അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. 11,500 രൂപ അടിസ്ഥാന പെൻഷൻ വാങ്ങുന്നവരും 83,500 രൂപ അടിസ്ഥാന പെൻഷൻ വാങ്ങുന്നവരും ഒരേ തുക പ്രീമിയം നൽകേണ്ടി വരുന്നത് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

​പുതിയ കരാർ ഉടൻ

​ഒന്നാം മെഡിസെപ് പദ്ധതിയുടെ കാലാവധി ജൂണിൽ അവസാനിച്ചതിനെത്തുടർന്ന് ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്. ഇതിനുള്ളിൽ പുതിയ കരാറിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി രണ്ടാംഘട്ടം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
​നിലവിൽ ഏകദേശം 31 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. പുതിയ ഘട്ടത്തിൽ ഇ.എസ്.ഐ. ആനുകൂല്യം ഇല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവിടങ്ങളിലെ ജീവനക്കാരെയും ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.

​ഇതോടെ, ഗുണഭോക്താക്കളുടെ എണ്ണം 40 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഇൻഷുറൻസ് കവറേജ് 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

​ചെലവുകൾ ഉയരുന്നു

​ഒന്നാം മെഡിസെപ് പദ്ധതിയിൽ പ്രീമിയമായി 1749.70 കോടി രൂപ ലഭിച്ചപ്പോൾ, ചികിത്സാ ചെലവായി 1964.74 കോടി രൂപയാണ് വിതരണം ചെയ്തത്. ധനകാര്യ വകുപ്പ് അറിയിച്ചതനുസരിച്ച്, പുതിയ ഇൻഷുറൻസ് കമ്പനിയെ തിരഞ്ഞെടുത്ത ശേഷം മാത്രമേ പ്രീമിയം തുക അന്തിമമായി തീരുമാനിക്കുകയുള്ളൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img