09:20am 11 November 2026
NEWS
ദക്ഷിണേന്ത്യയിലെ അത്യാധുനിക അവയവമാറ്റ പരിശോധന ലാബ് ആക്ടിമോസ് സജ്ജമാക്കി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി
15/09/2025  07:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദക്ഷിണേന്ത്യയിലെ അത്യാധുനിക അവയവമാറ്റ പരിശോധന ലാബ് ആക്ടിമോസ് സജ്ജമാക്കി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി

കൊച്ചി: കേരളത്തിലെ അവയവ മാറ്റ പരിശോധനകളില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി നിര്‍ണായക ചുവടുവെയ്പ് നടത്തിയതായി ഫിനാന്‍സ് ഡയറക്ടര്‍ പി വി സേവ്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

അവയവമാറ്റ പ്രക്രിയയുടെ വിജയശതമാനം ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ അതിനൂതന സംവിധാനങ്ങളോടെയാണ് ആക്ടിമോസ് എന്ന ലാബ് പ്രവര്‍ത്തിക്കുന്നത്. അങ്കമാലിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ബില്‍ജിത്തിന്റെ കിഡ്‌നി മാറ്റത്തിനുള്ള പരിശോധനകള്‍ അതിവേഗം പൂര്‍ത്തിയാക്കിയത് ഈ ലാബാണ്. 

അവയവമാറ്റ പരിശോധനയിലും മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്‌സിലും അത്യാധുിക സംവിധാനങ്ങളോയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ സ്ഥാപകരായ പുളിക്കല്‍ മെഡിക്കല്‍ ഫൗണ്ടേഷന്‍ മദര്‍ലൈനില്‍ ആക്ടിമോസ് ലബോറട്ടറി സ്ഥാപിച്ചത്. അവയവം മാറ്റിവെക്കല്‍ പ്രക്രിയയില്‍ ദാതാവിനും സ്വീകര്‍ത്താവിനും ഇടയില്‍ ഏറ്റവും അനുയോജ്യമായ പൊരുത്തം കണ്ടെത്താന്‍ സഹായിക്കുന്ന ഒന്നാണ് ഹിസ്റ്റോകമ്പാറ്റിബിലിറ്റി ആന്റ് ഇമ്യൂനോജനെറ്റിക് പരിശോധനകള്‍. ഇതിലൂടെ അവയവം ശരീരത്തില്‍ കൂടുതല്‍ കാലം നിലനില്‍ക്കുകയും സ്വീകര്‍ത്താവിന് ആവശ്യമായ മരുന്നുകളുടെ അളവ് കുറയുകയും മെച്ചപ്പെട്ട ആരോഗ്യത്തിനു ജീവിത നിലവാരത്തിനും വഴിയൊരുക്കുകയും ചെയ്യുന്നു. ഇത്തരം ടെസ്റ്റുകള്‍ മുന്‍ഗണന പട്ടികയിലുള്ള ഏതു രോഗിക്കാണ് അവയവം നല്‍കേണ്ടതെന്ന് തീരുമാനിക്കാനും സഹായിക്കുന്നു. 

വൃക്ക, പാന്‍ക്രിയാസ്, ഹൃദയം, ശ്വാസകോശം എന്നിവയുടെ മാറ്റിവെക്കലില്‍ ഹിസ്‌റ്റോകോംപാറ്റിബിലിറ്റി, ഇമ്യൂണോജനിറ്റിക് പരിശോധനകള്‍ അനിവാര്യവും അത്യന്തം പ്രധാനവുമാണ്. 

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാതൃശിശു പരിചരണത്തിന് പ്രത്യേകമായി സമര്‍പ്പിച്ചിരിക്കുന്ന വിഭാഗമായ മദര്‍ലൈനിലാണ് ആക്ടിമോസ് പ്രവര്‍ത്തിക്കുന്നത്. ഇതിനകം മൂവായിരത്തിനടുത്ത് സിഡിസി ക്രോസ്മാച്ചും ഇരുന്നൂറിലധികം ഫ്‌ളോ സൈറ്റോമെറ്ററി ക്രോസ്മാച്ചും ട്രാന്‍സ്പ്ലാന്റ്, അവയവമാറ്റ രോഗീപരിചരണത്തിന്റെ ഭാഗമായി അനേകം ആശുപത്രികള്‍ക്കായി ആക്ടിമോസില്‍ ചെയ്തുകഴിഞ്ഞു. 

എയിംസ് ഡല്‍ഹി, ടാറ്റ അക്ട്രെക് തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ സ്ഥാപനങ്ങളോടൊപ്പം ജപ്പാനില്‍ നടക്കുന്ന പ്രശസ്തമായ ഇന്റര്‍നാഷണല്‍ ഹിസ്റ്റോകോംപറ്റിബിലിറ്റി വര്‍ക്ഷോപ്പില്‍ പങ്കെടുക്കാന്‍ ആക്ടിമോസിന് ക്ഷണം ലഭിച്ചിട്ടുണ്ട്. 

ഇരുപത് പേര്‍ അടങ്ങുന്ന സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചാണ് ആക്ടിമോസ് ക്ലിനിക്കില്‍ നിന്നും റിപ്പോര്‍ട്ടുകളും അവയുടെ വിശദമായ വിവരങ്ങളും പുതിയ അറിവുകളും പങ്കുവെച്ച് ക്ലിനീഷ്യന്മാരെ സഹായിക്കുന്നത്. 

വാര്‍ത്താ സമ്മേളനത്തില്‍ ഫിനാന്‍സ് ഡയറക്ടര്‍ പി വി സേവ്യറിന് പുറമേ ആക്ടിമോസ് സൈന്റിഫിക് ഓഫിസര്‍ അരുണ്‍ ദിലീപ് ആര്‍ സി, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി കണ്‍സള്‍ട്ടന്റ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആക്ടിമോസ് ഹെഡുമായ ഡോ. അന്തോണിയോ പോള്‍ എന്നിവര്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img