09:45am 10 August 2026
NEWS
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു
10/08/2026  06:14 AM IST
nila
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു

രാജമുണ്ട്രി: ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്രിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പി.ജി. മെഡിക്കൽ വിദ്യാർഥിനിയായിരുന്ന ഡോ. കനികെ പ്രിയങ്ക (28) ആണ് മരിച്ചത്. ഓഗസ്റ്റ് മൂന്നിന് നഗരത്തിലെ മാളിന് സമീപമായിരുന്നു അപകടം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പ്രിയങ്കയെ പിന്നിൽനിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രിയങ്കയെ ആദ്യം രാജമുണ്ട്രിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് മാറ്റി വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ ചികിത്സയ്ക്കിടെ പ്രിയങ്കയുടെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കുടുംബം മരണം സ്ഥിരീകരിക്കുകയായിരുന്നു.

അപകടത്തിന് തൊട്ടുമുമ്പ് മാളിലെ സുരക്ഷാ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ട ശേഷമാണ് കാറിലുണ്ടായിരുന്ന യുവാക്കൾ മടങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച കാർ പ്രിയങ്കയുടെ സ്കൂട്ടറിനെ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ സുരാവരപു ദുഷ്യന്ത്, ആൻഡ്രൂ ജോസഫ് എഡ്വേർഡസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച് ഗുരുതര പരുക്കേൽപ്പിച്ചതിന് ബിഎൻഎസ് പ്രകാരം ആദ്യം കേസെടുത്തിരുന്നു. പ്രിയങ്കയുടെ മരണത്തിന് പിന്നാലെ നരഹത്യാ വകുപ്പും കേസിൽ കൂട്ടിച്ചേർത്തു. സംഭവത്തിൽ മെഡിക്കൽ വിദ്യാർഥികൾക്കിടയിലും വിദ്യാർഥി സംഘടനകൾക്കിടയിലും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img