12:17pm 13 November 2026
NEWS
പ്രസവശേഷം 43 ദിവസം വേദന സഹിച്ചു; സ്കാനിങ്ങിൽ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തി; സർക്കാർ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി
12/11/2026  09:05 AM IST
nila
പ്രസവശേഷം 43 ദിവസം വേദന സഹിച്ചു; സ്കാനിങ്ങിൽ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തി; സർക്കാർ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

 

തൃശൂർ: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനുശേഷം യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി അവശേഷിപ്പിച്ചതായി പരാതി. 43 ദിവസത്തോളം കടുത്ത വേദനയും അസ്വസ്ഥതയും അനുഭവിച്ച ശേഷമാണ് സ്കാനിങ്ങിലൂടെ മുറിവിനുള്ളിൽ പഞ്ഞിയുള്ളതായി കണ്ടെത്തിയതെന്ന് യുവതിയും കുടുംബവും ആരോപിച്ചു. സംഭവത്തിൽ ഡോക്ടർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം അധികൃതർക്ക് പരാതി നൽകി.

കടപ്പുറം മുനക്കക്കടവ് റഹ്മാനിയ മസ്ജിദിന് സമീപം പുതുവീട്ടിൽ ഷാഹുൽ ഹമീദിന്റെ മകൾ ഫാത്തിമത്തുൽ ഷറഫിയ (21) ആണ് പരാതിക്കാരി. കയ്പമംഗലം ചളിങ്ങാട് പുതുവീട്ടിൽ മുഹമ്മദ് ഷാഹിറിന്റെ ഭാര്യയായ ഷറഫിയ കഴിഞ്ഞ ഓഗസ്റ്റ് 18നാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ആദ്യ പ്രസവത്തിനായി ഓഗസ്റ്റ് 17ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് പിറ്റേന്ന് രാവിലെ പ്രസവം നടന്നു.

പ്രസവശേഷം വാർഡിലേക്ക് മാറ്റിയെങ്കിലും രക്തസ്രാവത്തെ തുടർന്ന് വീണ്ടും ലേബർ റൂമിലേക്ക് കൊണ്ടുപോയി. താൽക്കാലിക ചുമതലയിലുണ്ടായിരുന്ന ഡോക്ടർ വീണ്ടും തുന്നിക്കെട്ടുകയും പഞ്ഞി ഉപയോഗിക്കുകയും ചെയ്തിരുന്നു. പഞ്ഞി പിന്നീട് നീക്കം ചെയ്തതായും അറിയിച്ചശേഷമാണ് വാർഡിലേക്ക് മാറ്റിയതെന്നും യുവതി പറയുന്നു. നാലുദിവസത്തിനുശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.

എന്നാൽ പ്രസവം കഴിഞ്ഞ് 13-ാം ദിവസമായതോടെ മുറിവിൽനിന്ന് ദുർഗന്ധം അനുഭവപ്പെടുകയും തുന്നിക്കെട്ടിയ ഭാഗത്ത് പഴുപ്പും കടുത്ത വേദനയും ഉണ്ടാകുകയും ചെയ്തു. തുടർന്ന് ഡോ. ഡിറ്റോ ടോമിനെ സമീപിച്ച് പരാതി അറിയിച്ചെങ്കിലും പ്രസവശേഷം ദുർഗന്ധം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും തുന്നിക്കെട്ടിയ ഭാഗത്ത് ചെറിയ പഴുപ്പുണ്ടെന്നുമാണ് അറിയിച്ചതെന്ന് ഷറഫിയ ആരോപിക്കുന്നു.

വേദന കാരണം ഇരിക്കാനോ നിൽക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും യുവതി പറയുന്നു. ഒടുവിൽ പ്രസവം കഴിഞ്ഞ് 43-ാം ദിവസം സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സ്കാനിങ്ങിലാണ് മുറിവിന് തൊട്ടുതാഴെ പഞ്ഞിയുള്ളതായി കണ്ടെത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ, ജില്ലാ കലക്ടർ, ഡിഎംഒ എന്നിവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്.

അതേസമയം, പ്രസവസമയത്ത് ഉപയോഗിച്ച പഞ്ഞി നീക്കം ചെയ്തിരുന്നുവെന്നാണ് ഡോ. ഡിറ്റോ ടോമിന്റെ വിശദീകരണം. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകിയതായി ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജ്കുമാറും അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img