11:07am 24 July 2026
NEWS
മെഡിക്കൽ കോളജ് മോർഫിങ് കേസ്: കൂടുതൽ എഫ്‌ഐആറുകൾക്ക് സാധ്യത
23/07/2026  03:38 PM IST
nila
മെഡിക്കൽ കോളജ് മോർഫിങ് കേസ്: കൂടുതൽ എഫ്‌ഐആറുകൾക്ക് സാധ്യത

തിരുവനന്തപുരം: മെഡിക്കൽ കോളജ് എംബിബിഎസ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കൂടുതൽ പരാതിക്കാർ മുന്നോട്ടുവന്നാൽ പ്രത്യേകം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് കഴക്കൂട്ടം എസിപി അറിയിച്ചു. വയനാട് കാക്കവയൽ സ്വദേശിയും മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയുമായ എബേൽ അഗസ്റ്റിനാണ് കേസിലെ ഒന്നാം പ്രതി. ഇതിനകം തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴ് വിദ്യാർഥിനികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എബേലിനെ ഡിസിപിയുടെ നേതൃത്വത്തിൽ വീണ്ടും ചോദ്യം ചെയ്തപ്പോൾ കൂടുതൽ ഇരകളുണ്ടെന്ന സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇരുപതിലധികം വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകൾ ചേർത്ത് പ്രചരിപ്പിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും ഡിജിറ്റൽ ഉപകരണങ്ങളും സൈബർ വിദഗ്ധർ പരിശോധിക്കും. ഇയാളുമായി ബന്ധമുള്ള സുഹൃത്തുക്കളടക്കമുള്ളവരെയും നിരീക്ഷണത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിൽ വീഴ്ചയില്ലെന്നും ഗുരുതര വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും ഡിസിപി കെ.എസ്. സഹൻഷാ അറിയിച്ചു.

സംഭവത്തെ തുടർന്ന് എബേൽ അഗസ്റ്റിനെ മെഡിക്കൽ കോളജ് അധികൃതർ സസ്‌പെൻഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിലെടുത്തതും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതും പരിഗണിച്ചാണ് നടപടിയെന്ന് പ്രിൻസിപ്പലിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. വിദ്യാർഥിനികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ നിന്ന് അനുവാദമില്ലാതെ ശേഖരിച്ച ചിത്രങ്ങൾ മോർഫ് ചെയ്താണ് പ്രചരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഇതിനിടെ, പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് നൂറോളം വിദ്യാർഥികൾ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. കേസിൽ നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണമാണ് വിദ്യാർഥികൾ ഉയർത്തിയത്. എന്നാൽ ഐടി ആക്ടിലെയും ഭാരതീയ ന്യായ സംഹിതയിലെയും ബാധകമായ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചതെന്നും ജാമ്യം അനുവദിച്ചത് കോടതിയുടെ തീരുമാനമാണെന്നും എസിപി വിശദീകരിച്ചു.

ബിഎൻഎസ് പ്രകാരം ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ആദ്യം നോട്ടീസ് നൽകി ഹാജരാക്കാനാണ് സാധാരണ നടപടിക്രമമെങ്കിലും, ഈ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, 11 വിദ്യാർഥിനികൾ പരാതി നൽകിയിട്ടും ഒരു എഫ്‌ഐആർ മാത്രമാണ് രജിസ്റ്റർ ചെയ്തതെന്ന് പരാതിക്കാർ ആരോപിക്കുന്നു. ഒരാളുടെ മാത്രം മൊഴിയെടുത്ത ശേഷം മറ്റുള്ളവരോട് പിന്നീട് വരാൻ ആവശ്യപ്പെട്ടതായും അവർ പറയുന്നു. പരാതികളുടെ സ്വഭാവം ഒരുപോലെയായതിനാൽ ഒന്നിലധികം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

പ്രതിഷേധത്തിനിടെ പരാതി നൽകാനെത്തിയ വിദ്യാർഥിനിയുടെ ദൃശ്യങ്ങൾ പൊലീസ് പകർത്തിയെന്ന ആരോപണവും ഉയർന്നു. എന്നാൽ സ്റ്റേഷനിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് പരാതിക്കാരിയുടെ ദൃശ്യങ്ങൾ അബദ്ധത്തിൽ ഉൾപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് വിദ്യാർഥി പ്രതിനിധികളുടെയും പരാതിക്കാരിയുടെയും സാന്നിധ്യത്തിൽ ആ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img