
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രതിസന്ധികൾ തുറന്നുപറഞ്ഞതിലൂടെ താൻ 'പ്രൊഫഷണൽ സൂയിസൈഡ്' ആണ് നടത്തിയതെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കി. തനിക്കെതിരെ എന്ത് നടപടിയുണ്ടായാലും നിലപാട് തുടരുമെന്നും, ബ്യൂറോക്രസിയുടെ വീഴ്ചകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ വിമർശനങ്ങളെ സ്വാഗതം ചെയ്ത ഡോ. ഹാരിസ്, ഈ വിഷയങ്ങൾ പരിഹരിച്ചാൽ ആരോഗ്യമേഖല വലിയ വളർച്ച നേടുമെന്നും അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയെ താൻ ആദരിക്കുന്ന വ്യക്തിയാണെന്നും, എല്ലാ വഴികളും അടഞ്ഞപ്പോഴാണ് താൻ സത്യം തുറന്നുപറഞ്ഞതെന്നും ഡോ. ഹാരിസ് വിശദീകരിച്ചു. തന്റെ വിമർശനം മന്ത്രിസഭയ്‌ക്കോ ആരോഗ്യവകുപ്പിനോ മന്ത്രിമാർക്കോ എതിരല്ലെന്നും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്കെതിരെയാണെന്നും അദ്ദേഹം ആവർത്തിച്ചു. മാസങ്ങളായി മുടങ്ങിക്കിടന്ന ഫയലുകൾ പ്രശ്നം പുറത്തുവന്ന ഒറ്റ രാത്രികൊണ്ട് എങ്ങനെ ശരിയായെന്നും അദ്ദേഹം ചോദിച്ചു.
അന്വേഷണ സമിതിക്ക് മുമ്പാകെ തെളിവുകൾ സമർപ്പിച്ചതായും, ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും ഡോ. ഹാരിസ് ആവശ്യപ്പെട്ടു. തന്റെ ജോലിയും കരിയറും ത്യജിച്ച് വലിയ റിസ്‌ക്കെടുത്താണ് താൻ മുന്നോട്ട് വന്നതെന്നും, താൻ ഇല്ലാതായാലും പ്രശ്നങ്ങൾ നിലനിൽക്കുമെന്നും അവയ്ക്ക് പരിഹാരമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. ഹാരിസിനെ സർക്കാർ ഭയപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അദ്ദേഹം പറഞ്ഞത് സത്യമാണെന്നും, കേരളത്തിലെ മറ്റ് മെഡിക്കൽ കോളേജുകളിലെയും സർക്കാർ ആശുപത്രികളിലെയും അവസ്ഥ ദയനീയമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. അതേസമയം, ഡോ. ഹാരിസിനെ ഒറ്റപ്പെടുത്താൻ ചില കേന്ദ്രങ്ങൾ ശ്രമം തുടങ്ങിയെങ്കിലും, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു.











