03:23am 11 September 2026
NEWS
മെഡിക്കൽ കോളേജ് വിവാദം: ഡോ. ഹാരിസ് ക്രൂശിക്കപ്പെടുന്നു, നവീൻ ബാബുവിനെപ്പോലെയെന്ന് പ്രതിപക്ഷം
04/08/2025  09:45 AM IST
സുരേഷ് വണ്ടന്നൂർ
മെഡിക്കൽ കോളേജ് വിവാദം: ഡോ. ഹാരിസ് ക്രൂശിക്കപ്പെടുന്നു, നവീൻ ബാബുവിനെപ്പോലെയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം പരസ്യമായി വെളിപ്പെടുത്തിയ ഡോ. ഹാരിസിനെതിരെ സർക്കാരിന്റെ 'സിസ്റ്റം' തിരിയുന്നതായി ആരോപണം. സത്യം തുറന്നു പറഞ്ഞതിന് ഡോക്ടറെ മോഷണക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബു മനംനൊന്ത് ജീവനൊടുക്കിയ സംഭവവുമായി ഇതിനെ താരതമ്യം ചെയ്ത്, ഡോ. ഹാരിസ് 'ജീവിച്ചിരിക്കുന്ന നവീൻ ബാബു' ആണെന്ന് പ്രതിപക്ഷം വിശേഷിപ്പിച്ചു.

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തൽ വിവാദമായപ്പോൾ ആദ്യം തള്ളിപ്പറഞ്ഞ ആരോഗ്യ മന്ത്രി വീണാ ജോർജ് ജനവികാരം എതിരായതോടെ നിലപാട് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ്, 'സർക്കാരിന് അവമതിപ്പുണ്ടാക്കിയ' ഡോക്ടറെ കുരുക്കാൻ ആരോഗ്യവകുപ്പ് ശ്രമിക്കുന്നതായി ആരോപണം ഉയർന്നത്. 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയാ ഉപകരണം കാണാനില്ലെന്ന് ആരോപിച്ച് ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ഈ നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്. എന്നാൽ, തന്റെ വകുപ്പിലെ ഒരുപകരണവും കാണാതായിട്ടില്ലെന്നും, ഡോക്ടർമാർക്ക് പരിശീലനം ലഭിക്കാത്തതിനാൽ ഉപകരണങ്ങൾ മാറ്റി വച്ചിരിക്കുകയാണെന്നും ഡോ. ഹാരിസ് മറുപടി നൽകി.

അതേസമയം, സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിലും സർക്കാർ-ഗവർണർ പോര് രൂക്ഷമായി തുടരുകയാണ്. ഗവർണർ ആർലേക്കർ പിടിവാശി കാണിക്കുന്നുവെന്നാണ് സർക്കാരിന്റെ ആക്ഷേപം. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെക്കാൾ ഇപ്പോഴത്തെ ഗവർണർ അപകടകാരിയാണെന്ന് സർക്കാർ വൃത്തങ്ങൾക്കിടയിൽ സംസാരമുണ്ട്.

മൂന്നാം പിണറായി സർക്കാരിന് സാധ്യതയുണ്ടെന്ന് സി.പി.എം നേതാക്കൾ പറയുമ്പോഴും, ഈ സർക്കാർ വീണ്ടും വരുന്നത് നല്ലതല്ലെന്ന് സി.പി.ഐയിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നതായി റിപ്പോർട്ടുണ്ട്. സി.പി.ഐ സമ്മേളനങ്ങളിൽ ഇത് തുറന്നുപറയാൻ പ്രതിനിധികൾ ധൈര്യം കാണിക്കുന്നുവെന്നും വാർത്തയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img