
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ അഴിമതിയിൽ ഞെട്ടിച്ച് സി.ബി.ഐയുടെ നടപടി. വൻ കോഴ വാങ്ങി നിലവാരമില്ലാത്ത മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകിയ കേസിൽ യു.ജി.സി മുൻ ചെയർമാൻ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി) അംഗങ്ങൾ, ഇടനിലക്കാർ എന്നിവർക്കെതിരെ സി.ബി.ഐ കേസെടുത്തു.
34 പേർ പ്രതിപ്പട്ടികയിൽ; അറസ്റ്റും റെയ്ഡും
പ്രതിപ്പട്ടികയിലുള്ള 34 പേരിൽ എട്ടുപേരെ സി.ബി.ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ശേഷിക്കുന്ന പ്രതികളെ കണ്ടെത്താനായി ഡൽഹി, മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി 40 കേന്ദ്രങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി. അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം, അടിസ്ഥാന സൗകര്യം തുടങ്ങിയവയിൽ എൻ.എം.സി നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത മെഡിക്കൽ കോളേജുകൾക്ക് പണം വാങ്ങി അംഗീകാരം നൽകിയെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിലും മെഡിക്കൽ കമ്മിഷനിലും വൻ അഴിമതി ശൃംഖല
കേന്ദ്ര ആരോഗ്യ മന്ത്രാലയം, എൻ.എം.സി എന്നിവ കേന്ദ്രീകരിച്ച് അഴിമതിയുടെ വൻ ശൃംഖല തന്നെ പ്രവർത്തിക്കുന്നതായി സി.ബി.ഐയുടെ എഫ്.ഐ.ആറിൽ പറയുന്നു. മന്ത്രാലയത്തിലെ എട്ട് ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിലുണ്ട്. രഹസ്യ വിവരങ്ങളും ഫയലുകളും ഇടനിലക്കാർക്ക് കൈമാറുന്നതിന് ഇവർ വൻ തുക വാങ്ങിയെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
ഫാർമസി കോളേജുകൾക്ക് അംഗീകാരം നൽകാൻ പണം വാങ്ങിയെന്ന പരാതിയിൽ ഫാർമസി കൗൺസിൽ അദ്ധ്യക്ഷൻ ഡോ. മോണ്ടു എം. പട്ടേലിനെതിരെയും സി.ബി.ഐ അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തിന്റെ അഹമ്മദാബാദിലെ വീട്ടിലും ഡൽഹിയിലെ ഓഫീസിലും റെയ്ഡ് നടന്നു. മോണ്ടു പട്ടേൽ നിലവിൽ ഒളിവിലാണ്.
പ്രധാന പ്രതികൾ
* ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ചെയർമാൻ ഡി.പി. സിങ്
* ഗീതാഞ്ജലി സർവകലാശാല രജിസ്ട്രാർ മയൂർ റാവൽ
* റാവത്പുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ചെയർമാൻ രവിശങ്കർ ജി. മഹാരാജ്
* ഇൻഡെക്സ് മെഡിക്കൽ കോളേജ് ചെയർമാൻ സുരേഷ് സിങ് ഭഡോറിയ
കൂടാതെ പൂനം മീണ, ധരംവീർ, പീയുഷ് മല്യാൻ, അനുപ് ജയ്‌സ്വാൾ, രാഹുൽ ശ്രീവാസ്തവ, ദീപക്, മനീഷ, ചന്ദൻ കുമാർ എന്നിവരാണ് കുറ്റാരോപിതരായ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ. പ്രതിയായ മുൻ യു.ജി.സി ചെയർമാന്റെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.











