06:01pm 02 September 2026
NEWS
മക്ക പ്രതിരോധ കരാർ: ഭൗമരാഷ്ട്രീയത്തിലെ മാറ്റങ്ങളും നയതന്ത്ര വെല്ലുവിളികളും
31/08/2026  06:57 PM IST
ഡോ. ഇ. യൂസുഫ് സാഹിബ്
മക്ക പ്രതിരോധ കരാർ: ഭൗമരാഷ്ട്രീയത്തിലെ മാറ്റങ്ങളും നയതന്ത്ര വെല്ലുവിളികളും

സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ മൂന്ന് പ്രധാന അവികസിത-വികസ്വര പ്രാദേശിക ശക്തികൾ വിശുദ്ധ നഗരമായ മക്കയിൽ വെച്ച് ഒപ്പുവെച്ച സമഗ്ര പ്രതിരോധ-സാമ്പത്തിക അച്ചുതണ്ട് ആഗോള രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. 'മക്ക കരാർ' അല്ലെങ്കിൽ 'മക്ക പ്രഖ്യാപനം' എന്ന പേരിൽ അറിയപ്പെടുന്ന ഈ നയതന്ത്ര മുന്നേറ്റം, പശ്ചിമേഷ്യയിലെയും ദക്ഷിണേഷ്യയിലെയും സാമ്പ്രദായിക ഭൗമരാഷ്ട്രീയ സമവാക്യങ്ങളെ പാടെ തിരുത്തിയെഴുതുന്ന ശക്തിപ്രകടനമായി വിലയിരുത്തപ്പെടുന്നു. നയതന്ത്രം, പ്രതിരോധം, സുരക്ഷ, വ്യവസായം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ ലക്ഷ്യമിട്ടാണ് ഈ തന്ത്രപ്രധാന സഹകരണം രൂപീകരിച്ചിരിക്കുന്നത്. ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന അധിനിവേശത്തെ മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള കടന്നാക്രമണമായി കണക്കാക്കുമെന്ന കരാറിലെ പരസ്പര പ്രതിരോധ വ്യവസ്ഥ, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പാശ്ചാത്യ ശക്തികൾ കെട്ടിപ്പടുത്ത നാറ്റോ മാതൃകയിലുള്ള ഒരു സൈനിക സഖ്യത്തിന്റെ രൂപീകരണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഗാസയിലെ മാനുഷിക ദുരന്തം, പശ്ചിമേഷ്യൻ സംഘർഷങ്ങൾ, ലോകശക്തികളുടെ പരോക്ഷ യുദ്ധങ്ങൾ എന്നിവ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സങ്കീർണ്ണമായ വർത്തമാനകാല സാഹചര്യത്തിൽ, മക്കയിലെ ഈ കരാർ കേവലം ഒരു പ്രാദേശിക നീക്കമല്ല, മറിച്ച് ആഗോള ശക്തിസമവാക്യങ്ങളുടെ ഒരു വൻകര മാറ്റം കൂടിയാണ്.

ആഗോള രാഷ്ട്രീയവും പ്രാദേശിക സുരക്ഷാ വ്യവസ്ഥകളും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഒരു സമയത്താണ് 2026 ആഗസ്റ്റ് മാസത്തിന്റെ ആരംഭത്തിൽ സൗദി അറേബ്യയിലെ വിശുദ്ധ മക്ക നഗരത്തിൽ വെച്ച് സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങളുടെ ഭരണാധികാരികളും പ്രതിരോധ തലവന്മാരും ഒത്തുചേർന്നത്. ലോകമെമ്പാടുമുള്ള മുസ്ലിങ്ങളുടെ പ്രാർത്ഥനാ കേന്ദ്രവും ആത്മീയ തലസ്ഥാനവുമായ മക്കയെ തങ്ങളുടെ നയതന്ത്ര കരാറിന് വേദിയാക്കി മാറ്റിയതിലൂടെ, ഒരു ശക്തമായ ആത്മീയ-രാഷ്ട്രീയ സന്ദേശമാണ് ഈ രാജ്യങ്ങൾ ലോകത്തിന് നൽകിയത്. ദശാബ്ദങ്ങളായി പശ്ചിമേഷ്യയിലും യൂറേഷ്യയിലും നിലനിൽക്കുന്ന പാശ്ചാത്യ മേധാവിത്വത്തിനും അധിനിവേശ രാഷ്ട്രീയത്തിനും ബദലായി സ്വന്തം കാലിൽ നിൽക്കാൻ മുസ്ലിം ലോകം പ്രാപ്തമാകുന്നു എന്ന പ്രഖ്യാപനമാണ് ഈ കരാറിന്റെ ആണിക്കല്ല്.

ഈ കരാർ കേവലം സൈനിക സാങ്കേതികവിദ്യകളുടെ കൈമാറ്റത്തിലോ പ്രതിരോധ പങ്കാളിത്തത്തിലോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. നയതന്ത്ര പ്രതിരോധ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന ഈ സഹകരണത്തിൽ ഊർജ്ജ നിക്ഷേപം, സാങ്കേതികവിദ്യ, വ്യാപാരം, മൂലധന സമാഹരണം, പ്രാദേശിക സുരക്ഷാ കാര്യങ്ങൾ തുടങ്ങിയ അനേകം തലങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. മൂന്ന് രാജ്യങ്ങളും വ്യത്യസ്ത ഭൂമേഖലകളിൽ അതിശക്തമായ സ്വാധീനമുള്ളവരാണ്. ദക്ഷിണേഷ്യയിൽ ആണവശക്തിയായ പാകിസ്ഥാൻ വലിയ സൈനിക ബലവും വിഭവ ശേഷിയുമുള്ള രാജ്യമാണ്. അതോടൊപ്പം അറബ് ലോകത്തിന്റെയും സുന്നി ഇസ്ലാമിക ലോകത്തിന്റെയും സാമ്പത്തിക, ആത്മീയ കേന്ദ്രമാണ് ഗൾഫ് മേഖലയിലെ സൗദി അറേബ്യ. അതുപോലെതന്നെ യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ പാലമായി നിൽക്കുന്ന, നാറ്റോ അംഗത്വവും ശക്തമായ പ്രതിരോധ നിർമ്മാണ വ്യവസായവുമുള്ള രാജ്യമാണ് തുർക്കി. ഈ മൂന്ന് കേന്ദ്രശക്തികൾ ഒന്നിക്കുമ്പോൾ ഉണ്ടാകുന്ന ഭൗമരാഷ്ട്രീയ സ്വാധീനം അതീവ നിർണ്ണായകമാണ് എന്നതിൽ സംശയമില്ല. 

മക്ക കരാറിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സുരക്ഷാ വ്യവസ്ഥ തന്നെയാണ്. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ ഉണ്ടാകുന്ന ബാഹ്യമായ അധിനിവേശത്തെയോ സൈനിക നീക്കത്തെയോ മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള കടന്നാക്രമണമായി കണക്കാക്കുകയും, അത് കൂട്ടായി ചെറുക്കുകയും ചെയ്യുമെന്ന് കരാർ വ്യക്തമാക്കുന്നു. ഇതിലൂടെ സാമ്പ്രദായിക പ്രതിരോധ കരാറുകളുടെ അതിർവരമ്പുകൾ ലംഘിച്ച്, കൂടുതൽ സമഗ്രവും ശക്തവുമായ ഒരു പ്രതിരോധ വലയം തീർക്കുകയാണ് ഇവർ ലക്ഷ്യമിടുന്നത്. ഈ ആഗോള വ്യതിയാനം ഏഷ്യയിലും മിഡിൽ ഈസ്റ്റിലും നിലവിലുള്ള സഖ്യങ്ങളെയും അമേരിക്ക അടക്കമുള്ള സൂപ്പർ പവറുകളുടെ മേധാവിത്വത്തെയും നേരിട്ട് ചോദ്യം ചെയ്യുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വശം.

മക്ക കരാറിന്റെ ശക്തിയും വ്യാപ്തിയും മനസ്സിലാക്കണമെങ്കിൽ ഈ മൂന്ന് രാജ്യങ്ങളുടെയും സൈനിക-സാമ്പത്തിക ശേഷികളെ കൃത്യമായി വിശകലനം ചെയ്യേണ്ടതുണ്ട്. മൂന്ന് പ്രധാന ഏഷ്യൻ-മിഡിൽ ഈസ്റ്റേൺ മേഖലകളെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളാണ് ഇവ. പാകിസ്ഥാൻ ദക്ഷിണേഷ്യയിലെ ആണവായുധ ശേഷിയുള്ള പ്രബല സൈനിക ശക്തിയാണെങ്കിൽ, പശ്ചിമേഷ്യയിൽ ആഗോള എണ്ണവിപണിയുടെയും സാമ്പത്തിക മേഖലയുടെയും നിയന്ത്രണ ശക്തിയാണ് സൗദി അറേബ്യ. യൂറോപ്പിന്റെയും മധ്യേഷ്യയുടെയും അതിർത്തിയിൽ പ്രതിരോധ വ്യവസായ രംഗത്തും ഡ്രോൺ സാങ്കേതികവിദ്യയിലും അതിവേഗം കുതിച്ചുയരുന്ന യൂറേഷ്യൻ ശക്തിയാണ് തുർക്കി. ഈ മൂന്ന് ധാരകളുടെ സംയോജനം കേവലം ഒരു പ്രഖ്യാപനം മാത്രമല്ല, മറിച്ച് പ്രായോഗിക തന്ത്രപരമായ ഒരു സഹകരണമാണ്.

കഴിഞ്ഞ കുറച്ചുകാലങ്ങളായി അറബ് ഇസ്ലാമിക ലോകത്ത് ഉയർന്നു കേൾക്കുന്ന ഒരു പ്രധാന ആവശ്യമാണ് തദ്ദേശീയമായ ഒരു സുരക്ഷാ കവചം. സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശത്തിനെ തുടർന്ന് അറബ് ഭൂമികയിൽ കാലങ്ങളായി തമ്പടിച്ചിരിക്കുന്ന യൂറോപ്യൻ സൈനിക ശക്തികൾ കേട്ടുകെട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന പ്രതിഷേധങ്ങളും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. 2015 ഡിസംബറിൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ 32 മുസ്ലിം രാജ്യങ്ങൾ ചേർന്ന് ഒരു 'ഭീകരവിരുദ്ധ സൈനിക കൂട്ടായ്മ' (Islamic Military Counter Terrorism Coalition - IMCTC) രൂപീകരിച്ചിരുന്നു. പിന്നീട് ഇതിൽ 45 ഓളം രാജ്യങ്ങൾ പങ്കാളികളാവുകയും, പാകിസ്ഥാൻ മുൻ സൈനിക മേധാവി ജനറൽ റാഹിൽ ശരീഫ് ഇതിന്റെ ആസ്ഥാന ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരുടെ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ പ്രവർത്തനം പരിശോധിച്ചാൽ, ആ കൂട്ടായ്മ ഓഫീസുകളിലും പേപ്പർ വർക്കുകളിലും ഒതുങ്ങിനിന്നു എന്നതല്ലാതെ പ്രായോഗികമായ തന്ത്രപ്രധാന നീക്കങ്ങൾ നടത്തുന്നതിൽ പരാജയപ്പെട്ടു എന്നതാണ് വാസ്തവം.  ഇസ്രായേൽ ഗാസയിൽ നടത്തിയ ക്രൂരമായ ആക്രമണങ്ങളിലോ, ആഗോള തലത്തിൽ മുസ്ലിം രാഷ്ട്രങ്ങൾ നേരിട്ട ഭീഷണികളിലോ നിർണ്ണായക ഇടപെടൽ നടത്താൻ ആ സഖ്യത്തിന് കഴിഞ്ഞിരുന്നില്ല.

എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായി, വ്യക്തമായ സുരക്ഷാ വാഗ്ദാനങ്ങളോടെയും ഉത്തരവാദിത്തങ്ങളോടെയുമാണ് മക്ക പ്രതിരോധ കരാർ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പാകിസ്ഥാന്റെ പക്കലുള്ള നവീന മിസൈൽ സാങ്കേതികവിദ്യയും ആണവ ശേഷിയും അനുഭവസമ്പത്തുള്ള വലിയൊരു കരസൈന്യവും, തുർക്കിയുടെ ആധുനിക അറ്റാക്ക് ഡ്രോണുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, നാറ്റോ മാതൃകയിലുള്ള യുദ്ധതന്ത്രങ്ങൾ എന്നിവയും, സൗദി അറേബ്യയുടെ ഭീമമായ സാമ്പത്തിക ശേഷിയും പെട്രോഡോളർ നിക്ഷേപങ്ങളും കൂടിച്ചേരുമ്പോൾ അത് ഒരു അപൂർവ്വ ശക്തി അച്ചുതണ്ടായി മാറുന്നു. ഉദാഹരണത്തിന്, തങ്ങളുടെ അത്യാധുനിക ആയുധങ്ങൾക്കും വ്യോമസേനയ്ക്കും തദ്ദേശീയമായി കൂടുതൽ വികസനം കൊണ്ടുവരാൻ സൗദി അറേബ്യക്ക് ഇതിലൂടെ സാധിക്കും. പാകിസ്ഥാന് തങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാൻ സൗദിയുടെ സാമ്പത്തിക നിക്ഷേപങ്ങളും ഇന്ധന സഹായങ്ങളും തുർക്കിയുടെ പ്രതിരോധ സഹകരണവും താങ്ങായി മാറും. തുർക്കിക്ക് മിഡിൽ ഈസ്റ്റിലും ദക്ഷിണേഷ്യയിലും തങ്ങളുടെ രാഷ്ട്രീയ നയതന്ത്ര സ്വാധീനം വിപുലീകരിക്കാനും ഇതുവഴി സാധിക്കും.
കഴിഞ്ഞ ഏതാനും ദശകങ്ങളായി പശ്ചിമേഷ്യയിലും അറബ്-ഇസ്ലാമിക ലോകത്തും നടന്ന നിരന്തര യുദ്ധങ്ങളും ആഭ്യന്തര അസ്വസ്ഥതകളും നയതന്ത്രപരമായ തകർച്ചകളുമാണ് ഇത്തരമൊരു അച്ചുതണ്ടിന്റെ ഉദയത്തിന് വഴിമരുന്നിട്ടത്. 1949-ൽ നാറ്റോ  രൂപീകരിക്കപ്പെട്ട കാലം മുതൽ പാശ്ചാത്യ ശക്തികൾ അവരുടെ സുരക്ഷയ്ക്കായി ഒരുമിച്ച് നിൽക്കുകയും മറ്റു രാജ്യങ്ങളിൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്ത ചരിത്രമാണുള്ളത്. ഇറാഖ്, അഫ്ഗാനിസ്ഥാൻ, ലിബിയ എന്നിവിടങ്ങളിലെ ബാഹ്യ ഇടപെടലുകളും അധിനിവേശങ്ങളും സാമ്രാജ്യത്വ ശക്തികളുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായാണ് നടപ്പിലായത് എന്നതിൽ ആർക്കും സന്ദേഹമില്ല.

നിർണ്ണായക ഘട്ടങ്ങളിൽ പാശ്ചാത്യ ശക്തികളെ, പ്രത്യേകിച്ച് അമേരിക്കയെയും യൂറോപ്പിനെയും, അന്ധമായി വിശ്വസിച്ചത് വലിയ അബദ്ധമായിരുന്നുവെന്ന തിരിച്ചറിവ് ഗൾഫ് രാഷ്ട്രങ്ങൾക്കും മറ്റ് മുസ്ലിം രാജ്യങ്ങൾക്കും ഉണ്ടായതാണ് ഈ വഴിത്തിരിവിന് പ്രധാന കാരണം. 2010-ന് ശേഷമുള്ള പശ്ചിമേഷ്യൻ സംഭവവികാസങ്ങളും, ഉപരോധങ്ങളും, ഗാസയിലെ അധിനിവേശ സമയത്ത് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇസ്രായേലിന് നൽകിയ നിരുപാധിക പിന്തുണയും അറബ് ലോകത്തിന്റെ കണ്ണ് തുറപ്പിച്ചു എന്ന് കരുതാം. തങ്ങളുടെ സുരക്ഷയും നിലനിൽപ്പും മറ്റ് ശക്തികളുടെ കയ്യിൽ ഏൽപ്പിച്ചാൽ അത് ആപത്താണെന്ന് സൗദി അറേബ്യയും മറ്റ് രാഷ്ട്രങ്ങളും ഇതിനോടകം തിരിച്ചറിഞ്ഞു. ഇതിന് മുമ്പും പാശ്ചാത്യ പിന്തുണയോടെയുള്ള സുരക്ഷാ വാഗ്ദാനങ്ങൾ മിഡിൽ ഈസ്റ്റിൽ പരാജയപ്പെടുന്ന കാഴ്ച ലോകം കണ്ടതാണ്. യെമൻ സംഘർഷത്തിലായാലും ഇറാനുമായുള്ള ആണവ തർക്കങ്ങളിലായാലും തങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾക്ക് മാത്രമാണ് അമേരിക്ക മുൻഗണന നൽകിയത് എന്നതും അറബികളെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകണം. 

അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നും നേരിടുന്ന ഭീഷണികളും നയതന്ത്രപരമായ ഒറ്റപ്പെടലുകളും സ്വയം പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഇവരെ പ്രേരിപ്പിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പെട്ടെന്ന് പിന്മാറിയതും, ലിബിയയിൽ ആഭ്യന്തര പ്രക്ഷോഭങ്ങൾ സൃഷ്ടിച്ച് ഭരണകൂടത്തെ അട്ടിമറിച്ചതുമെല്ലാം തദ്ദേശീയമായ സൈനിക കൂട്ടായ്മ എന്ന ആശയത്തിന് ആക്കം കൂട്ടി. സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ആഗോള തർക്കങ്ങളിൽ സ്വന്തം ശബ്ദം കേൾപ്പിക്കാനും ഇത്തരമൊരു ശക്തമായ അച്ചുതണ്ടിലൂടെ മാത്രമേ സാധിക്കൂ എന്ന് ഈ മൂന്ന് രാജ്യങ്ങളും കണക്കുകൂട്ടുന്നുണ്ടാകണം. 

മക്ക പ്രതിരോധ കരാർ പുറത്തുവന്നതോടെ ഉയർന്നു കേൾക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, ഇത് ഇസ്ലാമിക ലോകത്ത് നിലനിൽക്കുന്ന ശിയാ-സുന്നി വിഭാഗീയതയെ കൂടുതൽ രൂക്ഷമാക്കുമോ അതോ ഇല്ലാതാക്കുമോ എന്നതാണ്. ഗൾഫ് മേഖലയിലെ പ്രബല സുന്നി ശക്തിയായ സൗദി അറേബ്യയും, വൻ സൈനിക ശേഷിയുള്ള മറ്റ് രണ്ട് സുന്നി ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്ഥാനും തുർക്കിയും ഒന്നിക്കുമ്പോൾ, ഇതിനെ ഒരു 'സുന്നി സൈനിക സഖ്യം' ആയി മറ്റു ചില പാശ്ചാത്യ നിരീക്ഷകർ വിശേഷിപ്പിക്കുന്നുണ്ട്. മേഖലയിലെ പ്രബല ശിയാ രാഷ്ട്രമായ ഇറാന് ഈ സഖ്യം ഭീഷണിയാകുമോ എന്ന ആശങ്കയും ഉയർന്നിരുന്നു.

എന്നാൽ, നയതന്ത്ര വിദഗ്ദ്ധരുടെ വിലയിരുത്തലിൽ ഈ കരാർ ഇറാനെ ഒറ്റപ്പെടുത്താനോ ലക്ഷ്യം വെക്കാനോ ഉള്ളതല്ല. കഴിഞ്ഞ കുറച്ചുകാലങ്ങളായി സൗദി അറേബ്യയും ഇറാനും തമ്മിൽ ചൈനയുടെ മധ്യസ്ഥതയിൽ നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കുകയും പശ്ചിമേഷ്യയിൽ സമാധാന അന്തരീക്ഷം സംജാതമാവുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാനും ഇറാനും തമ്മിൽ നീണ്ട അതിർത്തി പങ്കിടുന്നുണ്ട്. തുർക്കിയാകട്ടെ ടെഹ്‌റാനുമായി ഊർജ്ജ, വ്യാപാര മേഖലകളിൽ അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ്. അതിനാൽ തന്നെ, ഇറാന് താൽപ്പര്യമുണ്ടെങ്കിൽ ഭാവിയിൽ ഈ സുരക്ഷാ-സാമ്പത്തിക ചട്ടക്കൂടിലേക്ക് അവരെയും ഉൾക്കൊള്ളാനുള്ള നയതന്ത്ര സാധ്യതകൾ നിലനിൽക്കുന്നുണ്ട്.

ഈ സഖ്യം കൂടുതൽ വിശാലവും വിഭാഗീയതകൾക്ക് അതീതവുമാകേണ്ടത് അറബ്-ഇസ്ലാമിക ലോകത്തിന്റെ പൊതുവായ ആവശ്യമാണ്. സുന്നി-ശിയാ വ്യത്യാസങ്ങൾ മറന്ന് ഒരു പൊതു ഇസ്ലാമിക അച്ചുതണ്ടായി മാറിയാൽ മാത്രമേ പശ്ചിമേഷ്യയിൽ ആധിപത്യം പുലർത്തുന്ന വിദേശ ശക്തികളെയും ഇസ്രായേലിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളെയും പ്രതിരോധിക്കാൻ സാധിക്കൂ. അതുകൊണ്ടുതന്നെ, ഇറാനെ പ്രതിരോധ സഖ്യത്തിൽ നിന്ന് മാറ്റിനിർത്താതെ, പ്രാദേശിക പങ്കാളിയായി ചേർത്തുപിടിക്കേണ്ടത് പശ്ചിമേഷ്യൻ സമാധാനത്തിന് ഏറെ അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചാൽ മാത്രമേ ഇത് യഥാർത്ഥ അർത്ഥത്തിൽ ആഗോള ഭൗമരാഷ്ട്രീയത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന ഒരു ഇസ്ലാമിക സഹകരണ പ്രസ്ഥാനമായി മാറുകയുള്ളൂ എന്ന വീക്ഷണത്തിനും ഏറെ പ്രസക്തിയുണ്ട്.

ഈ കരാറിന്റെ രൂപീകരണത്തിന് ഏറ്റവും വലിയ ത്വരിത പ്രേരകമായി മാറിയത് ഗാസയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയും അതിനോട് പാശ്ചാത്യ ലോകം പുലർത്തുന്ന പക്ഷപാതപരമായ നിലപാടുകളുമാണ്. ആയിരക്കണക്കിന് നിരപരാധികളായ ഫലസ്തീനികൾ കൊല്ലപ്പെടുകയും ഗാസ മണ്ണടിയുകയും ചെയ്തപ്പോൾ, ലോകരാഷ്ട്രങ്ങൾ, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ആഗോള ഏജൻസികൾ നിസ്സംഗരായി നോക്കിനിൽക്കുകയാണുണ്ടായത്. ഈ ഘട്ടത്തിൽ മുസ്ലിം ലോകത്തിന് തങ്ങളുടെ ഭാഗം ശക്തമായി വാദിക്കാനും അധിനിവേശ ശക്തികൾക്കെതിരെ പ്രായോഗികമായ പ്രതിരോധം തീർക്കാനും സ്വന്തമായൊരു സൈനിക-നയതന്ത്ര കരുത്ത് വേണമെന്ന ബോധ്യം ശക്തമായി.
ഫലസ്തീൻ വിഷയത്തിൽ വ്യക്തവും ശക്തവുമായ നിലപാടാണ് ഈ മൂന്ന് രാജ്യങ്ങൾക്കും ഉള്ളത്. ടൂറിസം വരുമാനത്തിലൂടെ ഏറ്റവും വലിയ സാമ്പത്തിക ബന്ധമാണ് തുർക്കിയും ടെൽഅവീവും തമ്മിൽ. എങ്കിൽപോലും ഗാസയിലെ പ്രശ്‌നങ്ങളുടെ പേരിൽ തുർക്കി ഇസ്രായേലിനെതിരെ കടുത്ത ഭാഷയിലാണ് പലപ്പോഴും പ്രതികരിക്കുന്നത്. പാകിസ്ഥാൻ ഇസ്രായേലിനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിട്ടുപോലുമില്ല. സൗദി അറേബ്യയാകട്ടെ, ഫലസ്തീൻ രാഷ്ട്ര രൂപീകരണമില്ലാതെ ഇസ്രായേലുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, മക്ക പ്രഖ്യാപനം ഫലസ്തീൻ ജനതയ്ക്ക് പുതിയൊരു പ്രതീക്ഷയാണ് നൽകുന്നത്. ഈ മൂന്ന് രാജ്യങ്ങളും ഒന്നിച്ച് ഒരു സ്വരം ഉയർത്തിയാൽ, അന്താരാഷ്ട്ര തലത്തിൽ അതിനെ അവഗണിക്കാൻ അമേരിക്കയ്‌ക്കോ ഇസ്രായേലിനോ സാധിക്കില്ല. കേവലം വാക്കുകളിലോ പ്രമേയങ്ങളിലോ ഒതുങ്ങാതെ, നയതന്ത്രപരമായും സാമ്പത്തികമായും സമ്മർദ്ദം ചെലുത്താനുള്ള ശേഷി ഈ പ്രതിരോധ സഖ്യത്തിനുണ്ട് എന്ന് പ്രതീക്ഷിക്കാം.

മക്ക കരാർ പുറത്തുവന്നതോടെ ആഗോള തലത്തിൽ വലിയ നയതന്ത്ര ചലനങ്ങളാണ് ഉണ്ടായിരിക്കുന്നത്. വികസിത രാഷ്ട്രങ്ങളും ആഗോള ശക്തികളും അതീവ ജാഗ്രതയോടെയും ആശങ്കയോടെയുമാണ് ഈ പുതിയ സംഭവവികാസങ്ങളെ വീക്ഷിക്കുന്നത്. പശ്ചിമേഷ്യയിൽ പതിറ്റാണ്ടുകളായി തങ്ങൾ അനുഭവിക്കുന്ന അപ്രമാദിത്തത്തിന് ഏൽക്കുന്ന കടുത്ത തിരിച്ചടിയായാണ് അമേരിക്ക ഈ കരാറിനെ കാണുന്നത്. സൗദി അറേബ്യ അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളെ കൈവിട്ട്, മറ്റ് പ്രാദേശിക ശക്തികളുമായി ചേർന്ന് സ്വന്തം സുരക്ഷാ വലയം തീർക്കുന്നത് വാഷിംഗ്ടണിന് വലിയ തിരിച്ചടിയാണ്. നാറ്റോ അംഗമായ തുർക്കി ഇത്തരമൊരു സഖ്യത്തിൽ പങ്കാളിയാകുന്നത് പാശ്ചാത്യ ശക്തികളെ ചൊടിപ്പിച്ചിട്ടുണ്ട്. എങ്കിലും, പരസ്യമായി കടുത്ത പ്രതികരണങ്ങൾക്ക് മുതിരാതെ മിതത്വം പാലിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.
പശ്ചിമേഷ്യയിൽ അമേരിക്കൻ സ്വാധീനം കുറയുന്നത് ചൈനയ്ക്കും റഷ്യയ്ക്കും അനുകൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ചൈന ഇതിനകം തന്നെ സൗദിയും ഇറാനും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മക്ക സഖ്യത്തെ തങ്ങളുടെ ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് ഭീഷണിയല്ലാത്ത രീതിയിൽ പരോക്ഷമായി പിന്തുണയ്ക്കാനാണ് ഈ ഇരു ശക്തികളും ആഗ്രഹിക്കുന്നത്. മിഡിൽ ഈസ്റ്റിൽ സംഭവിക്കുന്ന ഈ കാതലായ മാറ്റങ്ങൾ തങ്ങളുടെ സാമ്പത്തിക ഇന്ധന താൽപ്പര്യങ്ങളെ ബാധിക്കുമോ എന്ന ഭയം യൂറോപ്യൻ രാജ്യങ്ങൾക്കുണ്ട്. അതിനാൽ തന്നെ ജാഗ്രതയോടെയുള്ള നിരീക്ഷണമാണ് അവർ നടത്തുന്നത്.

മക്ക കരാർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകവും സങ്കീർണ്ണവുമായ നയതന്ത്ര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭൗമരാഷ്ട്രീയത്തിലെ ഈ മാറ്റങ്ങൾ ഇന്ത്യയുടെ വിദേശനയത്തെയും സുരക്ഷാ സമവാക്യങ്ങളെയും നേരിട്ട് ബാധിക്കുന്ന കാര്യമാണ്. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ മൂന്ന് രാജ്യങ്ങളുമായും ഇന്ത്യക്കുള്ള ബന്ധം വ്യത്യസ്ത തലങ്ങളിലുള്ളതാണ്.
കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഇന്ത്യ സൗദി അറേബ്യയുമായി അത്യധികം ഊഷ്മളമായ തന്ത്രപ്രധാന പങ്കാളിത്തമാണ് കെട്ടിപ്പടുത്തത്. സാമ്പത്തിക, ഊർജ്ജ, നിക്ഷേപ മേഖലകളിൽ സൗദി ഇന്ത്യയുടെ പ്രധാന പങ്കാളിയാണ്. ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾ സൗദിയിൽ ജോലി ചെയ്യുന്നുമുണ്ട്. എന്നാൽ ഇപ്പോൾ സൗദി അറേബ്യ ഇന്ത്യയുടെ പരമ്പരാഗത എതിരാളിയായ പാകിസ്ഥാനുമായി അതിശക്തമായ സൈനിക-പ്രതിരോധ കരാറിൽ ഏർപ്പെട്ടിരിക്കുന്നു എന്നത് ന്യൂഡൽഹിക്ക് വലിയ ആശങ്കകൾ സമ്മാനിക്കുമെന്നതിൽ സംശയമില്ല. സൗദി അറേബ്യക്ക് പാകിസ്ഥാനുമായുള്ള ഈ പ്രതിരോധ സാമീപ്യം ഇന്ത്യയും സൗദിയും തമ്മിലുള്ള സുരക്ഷാ പങ്കാളിത്തത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നത് ഇന്ത്യ അതീവജാഗ്രതയോടെ ഉറ്റുനോക്കേണ്ടുന്ന വിഷയമാണ്.

എന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ അസ്ഥിരതയിലും ഉലയുന്ന പാകിസ്ഥാന് ഈ കരാർ വലിയൊരു ജീവവായുവാണ്. സൗദിയുടെ ധനസഹായവും നിക്ഷേപങ്ങളും തുർക്കിയുടെ ആധുനിക പ്രതിരോധ സാങ്കേതികവിദ്യകളും ലഭ്യമാകുന്നതോടെ പാകിസ്ഥാന്റെ സൈനിക വീര്യവും സാമ്പത്തിക ഭദ്രതയും വർദ്ധിക്കും. സൈനിക ശക്തിയിൽ ഒരിക്കലും ഇന്ത്യയെ കവച്ചുവെക്കാൻ അവർക്ക് സാധിക്കിലെങ്കിലും, ഇതുവഴി കാശ്മീർ വിഷയത്തിലടക്കം പാകിസ്ഥാന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ആത്മവിശ്വാസം നൽകാനും ഇന്ത്യക്കെതിരെ സൈനിക സമവാക്യങ്ങൾ രൂപപ്പെടുത്താനും വഴിതുറക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനാകുന്നതല്ല. 
കാശ്മീർ വിഷയം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ എപ്പോഴും പാകിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാടാണ് തുർക്കി സ്വീകരിച്ചുപോന്നിട്ടുള്ളത്. ആധുനിക ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും നിർമ്മിക്കുന്ന തുർക്കി അത് പാകിസ്ഥാന് കൈമാറുന്നത് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലെ സുരക്ഷാ ഭീഷണികൾ ഇരട്ടിപ്പിക്കും.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ സംഭവവികാസങ്ങളെ വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. തങ്ങളുടെ അതിർത്തി സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും നീക്കങ്ങൾ ഈ സഖ്യത്തിന്റെ ഭാഗമായി ഉണ്ടായാൽ അത് വെച്ചുപൊറുപ്പിക്കില്ലെന്ന വ്യക്തമായ സന്ദേശം ഇന്ത്യ നൽകുമെന്നു പ്രതീക്ഷിക്കാം. അതേസമയം തന്നെ, സൗദി അറേബ്യയുമായുള്ള ഊഷ്മളമായ നയതന്ത്ര ബന്ധം തകരാതെ കാത്തുസൂക്ഷിക്കാനും, അറബ് ലോകത്ത് ഇന്ത്യ നേടിയെടുത്ത വിദേശനയ നേട്ടങ്ങൾ കൈവിട്ടുപോകാതിരിക്കാനും സൂക്ഷ്മമായ നയതന്ത്ര നീക്കങ്ങളാണ് ന്യൂഡൽഹി നടത്തേണ്ടത്.

മക്ക കരാർ കേവലം ഒരു താൽക്കാലിക തന്ത്രപരമായ സഹകരണമായി അവസാനിക്കുമോ അതോ ലോക രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന സുസ്ഥിരമായ ഒരു സഖ്യമായി വളരുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. ചരിത്രത്തിൽ ഇതിനുമുമ്പും നിരവധി സഖ്യങ്ങളും കരാറുകളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ആഭ്യന്തര താൽപ്പര്യങ്ങളുടെയും ബാഹ്യസമ്മർദ്ദങ്ങളുടെയും ഫലമായി അവ പലപ്പോഴും നിർജ്ജീവമായിപ്പോയിട്ടുണ്ട്.

ഈ സഖ്യം വിജയിക്കണമെങ്കിൽ പ്രധാനമായും ചില ഘടകങ്ങൾ പരിഗണിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. മൂന്ന് രാജ്യങ്ങളും തങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് ഒരേ ലക്ഷ്യത്തോടെ മുന്നോട്ട് പോകണം. താൽക്കാലിക നേട്ടങ്ങൾക്കപ്പുറം ദീർഘകാല കാഴ്ചപ്പാടോടെ സാമ്പത്തിക നയതന്ത്ര സഹകരണം ശക്തമാക്കണം. ഇത് കേവലം മൂന്ന് രാജ്യങ്ങളുടെ മാത്രം കൂട്ടായ്മയായി മാറാതെ, ഇറാന് പുറമെ ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ മറ്റ് പ്രമുഖ രാഷ്ട്രങ്ങളെയും തങ്ങളുടെ സാമ്പത്തിക സുരക്ഷാ ചട്ടക്കൂടിലേക്ക് ആർഷിക്കാൻ കഴിയണം. ഈ കരാർ മറ്റു രാജ്യങ്ങൾക്ക് ഭീഷണിയാകുന്ന ആക്രമണോത്സുകമായ ഒരു സൈനിക കൂട്ടുകെട്ടാകാതെ, പ്രാദേശിക സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്ന ഒരു പ്രതിരോധ കവചമായി പ്രവർത്തിക്കണം. തർക്കങ്ങൾ യുദ്ധത്തിലൂടെയല്ല, മറിച്ച് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാനുള്ള വേദിയായി മക്ക കരാർ മാറണം.

ആഗോള രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് പശ്ചാത്യലോകത്ത് നിന്നും ഏഷ്യയിലേക്കും മിഡിൽ ഈസ്റ്റിലേക്കും മാറിക്കൊണ്ടിരിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് മക്ക പ്രതിരോധ കരാർ. ചരിത്രപരമായ മുറിവുകൾക്കും ബാഹ്യ അധിനിവേശങ്ങൾക്കും ശേഷം സ്വന്തം കാലിൽ നിൽക്കാൻ ഇസ്ലാമിക ലോകം നടത്തുന്ന ശക്തമായൊരു പ്രഖ്യാപനമാണിത്. സൗദി അറേബ്യയുടെ സാമ്പത്തിക ശേഷിയും, പാകിസ്ഥാന്റെ ആണവ-സൈനിക കരുത്തും, തുർക്കിയുടെ പ്രതിരോധ നിർമ്മാണ സാങ്കേതികവിദ്യയും ഒത്തുചേരുമ്പോൾ അത് ഉണ്ടാക്കുന്ന തരംഗങ്ങൾ അതിശക്തമാണ്.

എന്നിരുന്നാലും, ഈ മുന്നേറ്റത്തിന്റെ വിജയം നിലനിൽക്കുന്നത് അത് എങ്ങനെ പ്രായോഗികമായി നടപ്പിലാക്കുന്നു എന്നതിലാണ്. ലോകസമാധാനത്തിനും ഫലസ്തീൻ അടക്കമുള്ള അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും ഭൗമരാഷ്ട്രീയ സ്ഥിരതയ്ക്കും ഈ കരാർ ഉപകരിക്കുകയാണെങ്കിൽ, അത് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര നാഴികക്കല്ലായി മാറും. ലോകശക്തികളുടെ പരോക്ഷ യുദ്ധങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായിരുന്ന ഒരു ജനത, സ്വന്തം സമാധാനവും സുരക്ഷയും തങ്ങളുടെ കൈകളിൽ ഭദ്രമാക്കാൻ നടത്തുന്ന ഈ ശ്രമം വരുംദശകങ്ങളിൽ ആഗോള ഭൗമരാഷ്ട്രീയത്തെ ഏത് ദിശയിലേക്കാണ് നയിക്കുക എന്നത് ലോകം ഉറ്റുനോക്കുകയാണ്.


 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img