
ചെന്നൈ: തമിഴ്നാട്ടിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഡിഎംകെ മുന്നണിയിൽ വിള്ളൽ ശക്തമാകുന്നു. സഖ്യകക്ഷികൾ ഒന്നൊന്നായി മുന്നണി വിടുന്നതിനിടെ, ഒമ്പത് വർഷമായി ഡിഎംകെയ്ക്കൊപ്പമുണ്ടായിരുന്ന എംഡിഎംകെയും ബന്ധം അവസാനിപ്പിച്ചു. ഭരണകക്ഷിയായ ടിവികെയുമായി എംഡിഎംകെ കൈകോർക്കുമെന്ന സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
എംഡിഎംകെയുടെ ജനറൽ കൗൺസിൽ യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ ടിവികെ സർക്കാരിനെ സ്വാഗതം ചെയ്തു. അഴിമതിരഹിത ഭരണം ഉറപ്പാക്കുക, മേക്കേദാട്ടു അണക്കെട്ട് പദ്ധതിയുൾപ്പെടെ തമിഴ്നാടിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുക, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർണമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രമേയത്തിൽ മുന്നോട്ടുവെച്ചത്. എന്നാൽ ടിവികെയുമായുള്ള സഖ്യസാധ്യതയെക്കുറിച്ച് പ്രമേയത്തിൽ വ്യക്തമായ പരാമർശമില്ല.
എംഡിഎംകെയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് സഖ്യം വിടാൻ കാരണമായതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെയുമായി ഡിഎംകെ രഹസ്യചർച്ച നടത്തിയെന്ന ആരോപണവും എംഡിഎംകെ ഉയർത്തുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ ഡിഎംകെ നിഷേധിച്ചു. നിയമസഭയിലും ലോക്സഭയിലും എംഡിഎംകെയ്ക്ക് പ്രാതിനിധ്യം ലഭിക്കാൻ നിർണായക പങ്കുവഹിച്ചത് ഡിഎംകെയാണെന്നും പാർട്ടി നേതൃത്വം പ്രതികരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടർന്ന് ഡിഎംകെ മുന്നണിയിലെ കോൺഗ്രസ്, സിപിഎം, മുസ്ലിം ലീഗ്, വിസികെ തുടങ്ങിയ കക്ഷികൾ ടിവികെയെ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഡിഎംകെയും ഡിഎംകെ മുന്നണിയുമായുള്ള ഒമ്പത് വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നത്.
അതേസമയം, എംഡിഎംകെയുടെ രണ്ട് എംഎൽഎമാരും ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇരുവരും ഡിഎംകെയ്ക്കൊപ്പമാകും തുടരുകയെന്ന സൂചനയാണ് രാഷ്ട്രീയവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത്.










