
മലദ്വാരത്തിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ യുവാവ് അറസ്റ്റിലായി. എറണാകുളം കടുങ്ങല്ലൂർ സ്വദേശിയായ റിച്ചു റഹ്മാനാണ് തൃശ്ശൂർ എക്സൈസിന്റെ പിടിയിലായത്. മുപ്പത്തിനാലുകാരനായ റിച്ചു ബെംഗളുരുവിൽ നിന്നും സ്ഥിരമായി രാസലഹരി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയിരുന്നു എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ യുവാവിനെ എത്തിച്ചാണ് എംഡിഎംഎ കണ്ടെടുത്തത്.
തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എംഡിഎംഎ വിൽപനക്കാരൻ തമ്പടിച്ചിട്ടുണ്ടെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരം. ഉദ്യോഗസ്ഥർ എത്തി വിശദമായി പരിശോധന നടത്തിയപ്പോൾ റിച്ചു റഹ്മാനെ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോൾ സംശയകരമായാണ് പെരുമാറിയത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ച് ആദ്യം എക്സ്റേ എടുത്തു. അതിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
പിന്നീട് ജില്ലാ ആശുപത്രി സർജറി വിഭാഗം മേധാവി ഡോക്ടർ വി.കെ.പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ മലദ്വാരം പരിശോധിച്ചു. അങ്ങനെയാണ് ഇരുപത് ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.കെ.സുധീറും സി.യു. ഹരീഷും അടങ്ങിയ സംഘമായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാൾ നേരത്തെ ലഹരിക്കടത്ത് കേസിലെ പ്രതിയായിരുന്നു.











