
മസ്‌കറ്റിൽനിന്നും എംഡിഎംഎയുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിനിയായ യുവതി അറസ്റ്റിലായി. പത്തനംതിട്ട വാഴമുട്ടം നെല്ലിവയലിൽ സൂര്യ (31)യാണ് പൊലീസിന്റെ പിടിയിലായത്. ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ തിരൂരങ്ങാടി മൂന്നിയൂർ ചോന്നാരി അലി അക്ബർ (32), പരുത്തിക്കോട് മതിലഞ്ചേരി മുഹമ്മദ് റാഫി (37), മൂന്നിയൂർ ചട്ടിപ്പുറത്ത് സഫീർ (30) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ചാണ് യുവതി ഒരുകിലോയോളം എംഡിഎംഎ എത്തിച്ചത്.
ഇന്നലെ രാവിലെ 9.15-നാണ് യുവതി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലിറങ്ങിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ലഗ്ഗേജിൽ മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ചനിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.











