
തിരുവനന്തപുരത്ത് ഈന്തപ്പഴത്തിനൊപ്പം ഒളിപ്പിച്ച് കടത്തിയ ഒന്നരക്കിലോ എംഡിഎംഎ പിടികൂടി. സംഭവത്തിൽ നാലുപേരെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കല്ലമ്പലം മാവിൻമൂട് വലിയകാവ് സ്വദേശികളായ സഞ്ജു, നന്ദു, ഉണ്ണിക്കണ്ണൻ, പ്രദീപ് എന്നിവരാണ് പിടിയിലായത്. വിദേശത്തു നിന്നും കടത്തിക്കൊണ്ടുവന്ന എംഡിഎംഎ വിമാനത്താവളത്തിൽ നിന്നും സുരക്ഷിതമായി പുറത്തെത്തിച്ചെങ്കിലും ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ സംഘം കുടുങ്ങുകയായിരുന്നു. കോടികൾ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്.
ഇന്നു പുലർച്ചെ ഒന്നരമണിയോടെയാണ് സംഘം ഡാൻസാഫിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ വലയിലാകുന്നത്. സ്വർണക്കടത്തിലെയും മയക്കുമരുന്ന് കടത്തിലെയും പ്രതിയാണ് സഞ്ജു. ഇയാളാണ് വിദേശത്തുനിന്ന് ലഹരിയുമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതെന്നാണ് വിവരം. മറ്റുമൂന്നുപേർ വിമാനത്താവളത്തിലെത്തിൽ ഇയാളെ സ്വീകരിക്കാനെത്തിയവരാണ്. ഇവരും ഇയാളുടെ സംഘത്തിൽപെട്ടവരാണെന്ന് പൊലീസ് പറയുന്നു.
വിമാനത്താവളം മുതൽ തന്നെ പോലീസ് നിരീക്ഷണത്തിലായിരുന്നു ഇവർ. സഞ്ചരിച്ച ഇന്നോവ കാർ പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു. പിന്തുടർന്ന് വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തുന്നത്. ഈന്തപ്പഴം പൊതിഞ്ഞ് കൊണ്ടുവന്ന ബാഗേജിനുള്ളിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പിടിയിലായ പ്രതികൾ അടുത്തിടെ വിദേശസന്ദർശനം നടത്തിയിരുന്നു. സഞ്ജു ഈ മാസം ആദ്യയാഴ്ചയും നന്ദു കഴിഞ്ഞമാസവുമാണ് വിദേശത്തേക്ക് പോയത്. കസ്റ്റംസിന്റെ കയ്യിൽപ്പെടാതെ ലഹരി എങ്ങനെ പുറത്തെത്തിച്ചു എന്നതിലടക്കം സംശയം ഉയരുന്നുണ്ട്.











