04:31am 24 June 2026
NEWS
എംഡിഎംഎയുമായി ലോഡ്ജിൽ; കൊല്ലം സ്വദേശിനിയായ യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ
16/06/2026  04:22 PM IST
nila
എംഡിഎംഎയുമായി ലോഡ്ജിൽ; കൊല്ലം സ്വദേശിനിയായ യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ

മലപ്പുറം: 14.120 ഗ്രാം എംഡിഎംഎയുമായി കോളേജ് വിദ്യാർഥിയടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കളത്തൂർ വാര്യംകുന്നത്ത് വീട്ടിൽ മുഹമ്മദ് ദിൽഷാദ്, തൃപ്പനച്ചി കുന്നിക്കൽ വീട്ടിൽ ഷഹൽ നമാസ്, കാരാപറമ്പ് കൂട്ടാവ് മുണ്ടിയൻകുന്നത്ത് വീട്ടിൽ സജ്മീർ, കൊല്ലം അഞ്ചൽ സ്വദേശിനിയായ ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായത്. അരീക്കോട്ടെ സ്വകാര്യ ലോഡ്ജിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. സംസ്ഥാന വ്യാപക ലഹരിവിരുദ്ധ പ്രവർത്തനമായ ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി അരീക്കോട് പൊലീസും ഡാൻസാഫും ചേർന്നാണ് നടപടി സ്വീകരിച്ചത്.

കൈപ്പകുളത്തെ സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികളിൽ നിന്ന് 14 ഗ്രാമിലധികം എംഡിഎംഎ കണ്ടെത്തിയത്. പിടിയിലായവരിൽ രണ്ടുപേർ മുമ്പ് ലഹരിക്കേസുകളിൽ പ്രതികളായി ജാമ്യത്തിൽ പുറത്തിറങ്ങിയവരാണെന്ന് പൊലീസ് അറിയിച്ചു. മഞ്ചേരി, അരീക്കോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിമരുന്ന് വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരിമരുന്ന് വ്യാപനത്തിനെതിരെ വരും ദിവസങ്ങളിലും ശക്തമായ പരിശോധനകളും നടപടികളും തുടരുമെന്ന് പൊലീസും ഡാൻസാഫും അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img