
കോഴിക്കോട്: പേരാമ്പ്രയിൽ എംഡിഎംഎ പണമിടപാട് കേസിൽ അറസ്റ്റിലായ സ്പെഷലിസ്റ്റ് അധ്യാപിക കീർത്തനയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ഉത്തരവായി. പേരാമ്പ്ര ബിആർസിയിൽ പ്രവർത്തിച്ചിരുന്ന കീർത്തനയെ പുറത്താക്കാൻ സമഗ്ര ശിക്ഷാ അഭിയാൻ സംസ്ഥാന പ്രോജക്ട് ഡയറക്ടറാണ് നിർദേശം നൽകിയത്. കേസിൽ അറസ്റ്റിലായ ചെരുവാളൂർ സ്കൂളിലെ അധ്യാപിക കാവ്യയ്ക്കെതിരെയും സമാന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അധ്യാപിക എന്ന സ്ഥാനത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കീർത്തനയും കാവ്യയും ചേർന്ന് ലക്ഷക്കണക്കിന് രൂപയുടെ ലഹരിമരുന്ന് ഇടപാടുകൾ നടത്തിയതിന്റെ സാമ്പത്തിക തെളിവുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.
കേസിൽ ആദ്യം പിടിയിലായത് കീർത്തനയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാവ്യയുടെ പങ്ക് വ്യക്തമായത്. ലഹരി ആവശ്യപ്പെട്ടവർ ഇരുവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറുകയും, തുടർന്ന് ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റ് അംഗങ്ങൾ ലഹരിമരുന്ന് ഉപഭോക്താക്കൾക്ക് എത്തിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.










