
കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് നാലര വർഷത്തെ പഠനകാലത്തേക്കുള്ള ഫീസ് മാത്രം ഈടാക്കണമെന്ന ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) നിർദേശം കേരളത്തിൽ നടപ്പാക്കുന്നത് വൈകുന്നു. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ ഫീസ് നിർണയിക്കുന്ന റെഗുലേറ്ററി കമ്മിറ്റി ഇതുവരെ പുനഃസംഘടിപ്പിക്കാത്തതാണ് പുതിയ ഫീസ് ഘടന നിശ്ചയിക്കുന്നതിന് തടസ്സമായിരിക്കുന്നത്.
എൻഎംസി ചട്ടപ്രകാരം എംബിബിഎസ് അക്കാദമിക് പഠനകാലയളവ് 54 മാസമാണ്, അതായത് നാലര വർഷം. എന്നാൽ ഇന്റേൺഷിപ്പ് കാലയളവ് കൂടി ഉൾപ്പെടുത്തി അഞ്ച് വർഷത്തേക്കുള്ള ഫീസാണ് കേരളത്തിലെ പല സ്വാശ്രയ മെഡിക്കൽ കോളേജുകളും വിദ്യാർഥികളിൽ നിന്ന് ഈടാക്കിയിരുന്നത്. മാനേജ്മെന്റ് ക്വാട്ടയിൽ പഠിക്കുന്ന ഒരു വിദ്യാർഥിയിൽ നിന്ന് ശരാശരി വർഷം ഒൻപത് ലക്ഷം രൂപ വരെ ഫീസ് ഈടാക്കുന്നതായാണ് പരാതി.
വിദ്യാർഥികളിൽ നിന്നും അഞ്ചുവർഷത്തെ ഫീസ് ഈടാക്കുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്നതോടെയാണ് അക്കാദമിക് പഠനകാലമായ നാലര വർഷത്തേക്ക് മാത്രമേ ഫീസ് ഈടാക്കാവൂ എന്ന് എൻഎംസി നിർദേശം നൽകിയത്. മുൻ വർഷങ്ങളിൽ അധികമായി ഈടാക്കിയ ആറുമാസത്തെ ഫീസ് വിദ്യാർഥികൾക്ക് തിരിച്ചുനൽകണമെന്നും നിർദേശത്തിലുണ്ടായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാരും നാലര വർഷത്തെ ഫീസ് മാത്രം ഈടാക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാൽ പുതിയ അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചിട്ടും ഫീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. റെഗുലേറ്ററി കമ്മിറ്റി പുനഃസംഘടിപ്പിച്ച് എൻഎംസി നിർദേശപ്രകാരമുള്ള പുതിയ ഫീസ് ഘടന അടിയന്തരമായി പ്രഖ്യാപിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
നിലവിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും അഞ്ച് വർഷത്തെ ഫീസ് തന്നെ ഈടാക്കാൻ കോളേജ് മാനേജ്മെന്റുകൾ സമ്മർദം ചെലുത്തുന്നതായും രക്ഷിതാക്കൾ ആരോപിക്കുന്നു. എൻഎംസി നിർദേശം നടപ്പാക്കുന്നതിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
അതേസമയം, മുൻ വർഷങ്ങളിൽ അധികമായി ഈടാക്കിയ ഫീസ് വിദ്യാർഥികൾക്ക് തിരിച്ചുനൽകണമെന്ന എൻഎംസി നിർദേശത്തിനെതിരെ സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽ നിന്ന് സ്റ്റേയും നേടിയിട്ടുണ്ട്. ഈ വിഷയത്തിൽ സർക്കാർ ശക്തമായ നിയമപോരാട്ടം നടത്തുന്നില്ലെന്നാണ് രക്ഷിതാക്കളുടെ മറ്റൊരു ആരോപണം.
ഫീസ് റെഗുലേറ്ററി കമ്മിറ്റി പുനഃസംഘടിപ്പിച്ച് പുതിയ ഫീസ് ഘടന പ്രഖ്യാപിക്കാത്ത പക്ഷം, ഈ അധ്യയന വർഷത്തെ മെഡിക്കൽ പ്രവേശനത്തിലും ഫീസ് സംബന്ധിച്ച തർക്കം തുടരാനാണ് സാധ്യത.










