
ജയ്പുർ: പരീക്ഷാഹാളിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് ലഭിച്ച ഫോൺ കോളിനു പിന്നാലെ ആറാം നിലയിൽനിന്ന് ചാടി എംബിഎ വിദ്യാർഥിനി ജീവനൊടുക്കി. രാജസ്ഥാനിലെ ജയ്പുരിലുള്ള സ്വകാര്യ സർവകലാശാലയിലാണ് സംഭവം. രണ്ടാം വർഷ എംബിഎ വിദ്യാർഥിനിയായ 23കാരിയാണ് മരിച്ചത്.
മിഡ് സെമസ്റ്റർ പരീക്ഷയ്ക്കായി ഹാളിലേക്ക് പ്രവേശിക്കാനിരിക്കെയാണ് വിദ്യാർഥിനിക്ക് ഫോൺ കോൾ ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പിന്നാലെ കെട്ടിടത്തിന്റെ ആറാം നിലയിലേക്ക് പോയ വിദ്യാർഥിനി താഴേക്ക് ചാടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സഹപാഠികൾ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഉടൻതന്നെ സർവകലാശാലയുടെ വാഹനത്തിൽ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജയ്പുരിലെ ഗുർജാർ കി താഡിയിലെ പ്രേം നഗർ സ്വദേശിനിയാണ്. സംഭവത്തെത്തുടർന്ന് സർവകലാശാല പരീക്ഷ മാറ്റിവച്ചു. ഫോൺ കോളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.










