കൊച്ചി: നഗരത്തിൽ നടന്ന മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കി വരുന്നുണ്ടെന്നും പല സ്‌ഥലങ്ങളിലും സ്‌ഥിരമായി ഉണ്ടായിരുന്ന രൂക്ഷമായ വെള്ളക്കെട്ട് ഒഴിവായത് ഇതിനു തെളിവാണെന്നും മേയർ വി കെ മിനിമോൾ. തുടർച്ചയായി മഴ ഉണ്ടായിട്ടും സാധാരണ മഴക്കാലത്ത് വെള്ളക്കെട്ടുണ്ടായി ഗതാഗതം പോലും തടസപ്പെടുന്ന സ്‌ഥിതി ഇത്തവണ ഉണ്ടായിട്ടില്ല. കഴിഞ്ഞ മൂന്ന് മാസമായി നഗരസഭ നടത്തിയ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഫലമാണിതെന്നും മേയർ ചൂണ്ടിക്കാട്ടി. സ്‌ഥിരമായി വെള്ളക്കെട്ടുണ്ടായിരുന്ന മാധവ ഫാർമസി ജങ്ഷൻ,എം ജി റോഡ്, കെപിസിസി ജങ്ഷൻ, രവിപുരം, സൗത്ത് റെയ്ൽവേ സ്റ്റേഷൻ, ബ്രോഡ്‍വെ മാർക്കറ്റ്, എസ് എ റോഡ്, ലുലുമാളിന് സമീപമുള്ള സ്‌ഥലങ്ങളിലൊന്നും കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളക്കെട്ടുണ്ടായിട്ടില്ല. ചെറിയ പ്രശ്നങ്ങൾ കണ്ട സ്‌ഥലങ്ങളിൽ സ്ളാബ് നീക്കി വെള്ളം ഒഴുക്കിവിട്ടിട്ടുണ്ടെന്നും മേയർ പറഞ്ഞു. തുടർച്ചയായി മഴ പെയ്തതിനെ തുടർന്ന് മഗരത്തിൽ ചിലയിടങ്ങളിൽ കാണപ്പെട്ട വേലിയേറ്റം മൂലമുള്ള വെള്ളക്കെട്ട് ഉച്ചയോടെ കുറഞ്ഞു. ആഴ്ചയിൽ മൂന്ന് തവണ എഞ്ചിനീയറിങ്, ഹെൽത്ത് വിഭാഗങ്ങളുടെ യോഗം ചേർന്നാണ് പ്രവൃത്തികളുടെ അവലോകനം അണ്ഡത്തിയത്. പെട്ടെന്നുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനും മുന്നറിയിപ്പ് സ്വീകരിക്കുന്നതിനുമായി കൺട്രോൾ റൂം സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. കാന വൃത്തിയാക്കൽ, ഡീസെൽറ്റിങ്, പോള നീക്കം ചെയ്യൽ എന്നിവ നടത്തിയിരുന്നു. വെള്ളക്കെട്ട് നിരീക്ഷിക്കുകയാണെന്നും അവശേഷികുന്ന പ്രശ്നങ്ങൾ കൂടി പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും മേയർ പറഞ്ഞു. വെള്ളക്കെട്ട് സംബന്ധിച്ച് നിവേദനം നല്കാൻ എന്ന വ്യാജേന ഡിവൈഎഫ്ഐ പ്രവർത്തകർ മേയറുടെ ഓഫിസിൽ എത്തി നടത്തിയ പ്രതിഷേധം രാഷ്ട്രീയ നാടകമാണെന്ന് മേയർ മാധ്യമങ്ങളോട് പറഞ്ഞു. ആരുടെ നിർദേശങ്ങളും ഉൾക്കൊളളാൻ ഭരണസമിതി തയാറാണ്.
പൊതുജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിച്ചായിരിക്കും നഗരസഭാ മുന്നോട്ട് പോവുക. എല്ലാവരുമായും കൂടിയാലോചിച്ചാണ് മഴക്കാല പൂർവ ശുചികരണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും മേയർ പറഞ്ഞു.








