09:10am 28 November 2026
NEWS
തിരുവനന്തപുരം വെള്ളക്കെട്ട്: സിപിഎമ്മിനെതിരെ വി വി രാജേഷ്
27/11/2026  03:15 PM IST
nila
തിരുവനന്തപുരം വെള്ളക്കെട്ട്: സിപിഎമ്മിനെതിരെ വി വി രാജേഷ്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിൽ തലസ്ഥാനം ദുരിതത്തിലായതോടെ രാഷ്ട്രീയ പോരും ശക്തമാകുന്നു. നഗരത്തിലെ വെള്ളക്കെട്ടിന് മുൻ സിപിഎം ഭരണസമിതിയുടെ വീഴ്ചകളാണ് കാരണമെന്ന് മേയർ വി വി രാജേഷ് ആരോപിച്ചു. അതേസമയം, നഗരസഭയുടെയും സർക്കാരിന്റെയും പരാജയമാണ് നിലവിലെ സാഹചര്യമെന്നായിരുന്നു മുൻ മന്ത്രി എം ബി രാജേഷിന്റെ വിമർശനം.

ഗോവയിലെ ഔദ്യോഗിക സന്ദർശനം വെട്ടിച്ചുരുക്കി പുലർച്ചെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ മേയർ വി വി രാജേഷ് രാവിലെ കൗൺസിലർമാർക്കൊപ്പം തമ്പാനൂരിലെ വെള്ളക്കെട്ട് ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുൻ ഭരണസമിതിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

ഒരു ദിവസം കൊണ്ട് ലഭിക്കേണ്ട മഴ ഒരു മണിക്കൂറിനുള്ളിൽ പെയ്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമായതെന്ന് മേയർ പറഞ്ഞു. അതേസമയം, ശക്തമായ മഴവെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ സംവിധാനങ്ങൾ നഗരത്തിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കനാലുകളിലേക്ക് വെള്ളം ഒഴുകിയെത്തേണ്ട ഭാഗങ്ങളിലെ ഗ്രില്ലുകൾ ചെറുതാണെന്നും റോഡ് നിർമാണം നടത്തുമ്പോൾ ഇത്തരം കാര്യങ്ങൾ പരിഗണിക്കേണ്ടതായിരുന്നുവെന്നും വി വി രാജേഷ് പറഞ്ഞു.

45 വർഷം നഗരസഭ ഭരിച്ചവർ തിരുവനന്തപുരത്തെ ഈ അവസ്ഥയിലാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മേയർ ആവശ്യപ്പെട്ടു. മുൻ മന്ത്രി വി ശിവൻകുട്ടിക്കെതിരെയും അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു. ശിവൻകുട്ടി മേയറായിരുന്ന കാലത്താണ് നഗരത്തിന്റെ വികസനത്തിന്റെ അടിവേരറ്റതെന്നും ഗുണ്ടായിസത്തിലൂടെയാണ് കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിച്ചതെന്നും വി വി രാജേഷ് ആരോപിച്ചു. ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കാൻ വരേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, നഗരത്തിലെ വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം നിലവിലെ ഭരണകൂടത്തിനാണെന്ന് മുൻ മന്ത്രി എം ബി രാജേഷ് തിരിച്ചടിച്ചു. നഗരസഭയുടെയും സർക്കാരിന്റെയും പരാജയമാണ് തലസ്ഥാനത്ത് പ്രകടമായതെന്ന് അദ്ദേഹം പറഞ്ഞു. നേരിയ മഴ പെയ്താൽ പോലും വെള്ളത്തിലാകുമായിരുന്ന തിരുവനന്തപുരത്ത് മാറ്റങ്ങൾ കൊണ്ടുവന്നത് ഇടതുപക്ഷ സർക്കാരാണെന്നും ബിജെപി അധികാരത്തിലെത്തിയതോടെ നഗരം മാലിന്യക്കൂമ്പാരമായി മാറിയെന്നും എം ബി രാജേഷ് വിമർശിച്ചു.

അതിനിടെ, ചാല മാർക്കറ്റിലെ കൊത്തുവാൾ തെരുവിൽ വെള്ളക്കെട്ടിനെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. അശാസ്ത്രീയമായ റോഡ് നിർമാണം കാരണം ഓടകളിലെ മലിനജലം പുറത്തേക്ക് ഒഴുകുകയാണെന്നാണ് വ്യാപാരികളുടെ പരാതി. വെള്ളക്കെട്ടും ദുർഗന്ധവും കാരണം ഉപഭോക്താക്കൾ കടകളിലേക്ക് എത്തുന്നില്ലെന്നും വ്യാപാരികൾ ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img