കാലത്തിനൊപ്പമുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് പൊതുവിദ്യാലയങ്ങൾ വിദ്യാഭ്യാസരംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും മികവിന്റെ പുതിയ അധ്യായങ്ങൾ രചിച്ചുകൊണ്ട് മുന്നേറുകയാണെന്ന് കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ പറഞ്ഞു. വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷവും ആധുനിക സൗകര്യങ്ങളും ഒരുക്കി പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ സർക്കാരും ജനപ്രതിനിധികളും പ്രതിജ്ഞാബദ്ധരാണെന്നും മേയർ പറഞ്ഞു. ജി.വി.എച്ച്.എസ്.എസ് നോർത്ത് ഇടപ്പള്ളിയിൽ 2 കോടി 30 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മേയർ.
പൊതുവിദ്യാലയങ്ങൾ ഇന്ന് അക്കാദമിക മികവിനൊപ്പം ഭൗതിക സൗകര്യങ്ങളുടെ വികസനത്തിലും ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ഉത്തരവാദിത്വമാണ്. സുരക്ഷിതവും സൗകര്യപ്രദവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിലൂടെ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കാനും അവരുടെ സ്വപ്നങ്ങൾക്ക് ചിറകേകാനും കഴിയുമെന്നും മേയർ പറഞ്ഞു.
ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ ജി.വി.എച്ച്.എസ്.എസ് നോർത്ത് ഇടപ്പള്ളിയിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ മികച്ച പഠനസൗകര്യങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയോജന ദിനാചരണത്തിന്റെ ഭാഗമായി പൂർവവിദ്യാർത്ഥിയായ ഗോപിനാഥൻ നായരെ ചടങ്ങിൽ മേയറും എം.എൽ.എയും ചേർന്ന് ആദരിച്ചു. വിദ്യാലയത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾക്ക് സാക്ഷിയായ പൂർവവിദ്യാർത്ഥിയെ ആദരിച്ചത് ഏറെ ശ്രദ്ധേയമായി.
കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്മി ജറാൾഡ്, ഡിവിഷൻ കൗൺസിലർ അംബിക സുദർശൻ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് സുഹൈൽ, പി.എ. മുഹമ്മദ്, മുഹമ്മദ് ഹസ്രത്ത്, പ്രധാനാധ്യാപിക ബാലാംബിക എൻ.എൽ, പ്രിൻസിപ്പൽമാരായ ബിജിമോൾ ഒ.കെ., റോഷ്നി എ.ആർ., സ്റ്റാഫ് സെക്രട്ടറി മാഹിൻ ബാഖവി, നവീൻ പുതുശ്ശേരി എന്നിവർ സംസാരിച്ചു






