10:00am 16 September 2026
NEWS
​ദീപാവലി: പ്രകാശത്തിൻ്റെ വിജയഗാഥ; സദ്ചിന്തയാൽ ഹൃദയം നിറയട്ടെ
20/10/2025  10:14 AM IST
സുരേഷ് വണ്ടന്നൂർ
​ദീപാവലി: പ്രകാശത്തിൻ്റെ വിജയഗാഥ; സദ്ചിന്തയാൽ ഹൃദയം നിറയട്ടെ

 

​ഹൃദയബദ്ധമായ പ്രകാശത്തിൻ്റെ വ്യാപനമാണ് ദീപാവലി ആഘോഷം. 'ദീപങ്ങളുടെ ആവലി' എന്നർഥമുള്ള ഈ ഉത്സവം, തിന്മയ്ക്കു മേൽ നന്മയുടെ വിജയത്തെയും അജ്ഞതയുടെ ഇരുളിനെ അകറ്റുന്ന അറിവിൻ്റെ വെളിച്ചത്തെയും പ്രതീകാത്മകമായി ഓർമ്മിപ്പിക്കുന്നു.
​ആശ്വിനമാസത്തിലെ കറുത്തപക്ഷ ചതുർദ്ദശി ദിവസമാണ് ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ഈ മുഹൂർത്തം 'നരകചതുർദ്ദശി' എന്നും അറിയപ്പെടുന്നു. തുലാമാസത്തിലെ വിശിഷ്ടമായ അമാവാസി ദിവസമാണ് പ്രധാന ദീപാവലി. ദക്ഷിണേന്ത്യൻ ഭാഷകളിൽ 'ദീപാവലി' എന്നും മറ്റ് ഭാഷകളിൽ 'ദീവാലി' എന്നും ഈ ഉത്സവം അറിയപ്പെടുന്നു.

​ഐതിഹ്യപ്പെരുമ പലവിധം

​ദീപാവലിയുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് ഐതിഹ്യങ്ങൾ നിലനിൽക്കുന്നു:

​ശ്രീരാമൻ്റെ അയോദ്ധ്യാപ്രവേശം: 14 വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമചന്ദ്രൻ അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ, നഗരവാസികൾ ദീപം തെളിയിച്ച് ആരതിയുഴിഞ്ഞ് സ്വീകരിച്ചതിൻ്റെ ഓർമ്മയാണ് ഈ ആഘോഷം.
​നരകാസുരവധം: ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിൻ്റെ ആഘോഷമായും ദീപാവലി ആചരിക്കുന്നു.
മഹാവീരൻ്റെ നിർവ്വാണം: ജൈനമത സ്ഥാപകനായ വർദ്ധമാന മഹാവീരൻ നിർവാണം പ്രാപിച്ചതിൻ്റെ അനുസ്മരണമായും അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ ഈ വേളയിൽ നടത്താറുണ്ട്.

​അഞ്ചുനാൾ ആഘോഷം

​ദീപാവലി ആഘോഷങ്ങൾ പ്രധാനമായും അഞ്ചുദിവസം നീണ്ടുനിൽക്കുന്നു:

​ഒന്നാം ദിവസം - ധനത്രയോദശി: അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസം. വീടുകളും വ്യാപാരസ്ഥാപനങ്ങളും അലങ്കരിച്ച്, രംഗോലിയിട്ട്, ലക്ഷ്മീദേവിയെ വീട്ടിലേക്ക് ക്ഷണിക്കുകയും വിധിപ്രകാരം പൂജിക്കുകയും ചെയ്യുന്നു.
​രണ്ടാം ദിവസം - നരകചതുർദ്ദശി: അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി. നരകാസുരനെ വധിച്ച കാളിയെ ഈ ദിവസം പൂജിക്കുന്നു.
മൂന്നാം ദിവസം - അമാവാസി (ലക്ഷ്മീപൂജ): ദീപാവലിയുടെ പ്രധാന ദിവസം. ഉത്തരഭാരതത്തിലെ പ്രധാന ചടങ്ങാണിത്. ഗണപതി, ലക്ഷ്മിയുടെ രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നിവരെയും കുബേരനെയും പൂജിക്കുന്നു.
​നാലാം ദിവസം - ബലി പ്രതിപദ: കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസം. ബലിയെയും ഭാര്യ വിന്ധ്യാവലിയെയും പൂജിക്കുന്നു. വിളക്കുകൾ നിരനിരയായി കൊളുത്തിവയ്ക്കുന്നത് ഈ ദിവസത്തെ സവിശേഷതയാണ്.
അഞ്ചാം ദിവസം - ഭാതൃദ്വിതീയ/യമ ദ്വിതീയ: കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസം. സഹോദരി യമിയെ കാലത്തിൻ്റെ ദേവനായ യമൻ സന്ദർശിച്ചതിൻ്റെ ഓർമ്മയാണിത്. സഹോദരീ-സഹോദരന്മാർ ചേർന്ന് നടത്തുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ മുഖ്യം.

​ആഘോഷരീതികൾ

​എണ്ണതേച്ചുകുളി, പുതുവസ്ത്രങ്ങൾ ധരിക്കൽ, പരസ്പരം സമ്മാനങ്ങൾ കൈമാറൽ, മൺവിളക്കുകൾ തെളിയിക്കൽ, പടക്കം പൊട്ടിക്കൽ എന്നിവ പൊതുവായി എല്ലാ ദീപാവലി ആഘോഷങ്ങൾക്കുമുണ്ട്. തുലാമാസത്തിലെ ദീപാവലി നാളിൽ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് ദേഹശുദ്ധി വരുത്തി ദീപം തെളിക്കുന്നതും എണ്ണതേച്ചുകുളിയും നിർബന്ധമാണ്. അസുരനെ കൊന്നതിലുള്ള സന്തോഷം ദേവന്മാർ പങ്കുവയ്ക്കുന്ന ചടങ്ങായും കുളിയും ദീപാലങ്കാരങ്ങളും കരുതപ്പെടുന്നു.

​അകത്തെ വെളിച്ചം

​ദീപാവലി പ്രതീകാത്മകമായി ലോകത്തിനു മുഴുവൻ വെളിച്ചം പകരുമ്പോൾ, സദ്ചിന്തയും കർമ്മശുദ്ധിയുംകൊണ്ട് ഹൃദയം നിറയണം എന്നാണ് സങ്കൽപം. അജ്ഞതയും സ്വാർത്ഥതയുമെന്ന ഇരുട്ടിനെ അകറ്റി, ആഹ്ളാദചിത്തരായി ദീപാരാധനയും പൂജയും കഴിഞ്ഞുള്ള നിവേദ്യവും മധുരപലഹാരങ്ങളും എല്ലാവർക്കും നൽകി, അവരുടെ സന്തോഷാനുഗ്രഹങ്ങൾ സ്വീകരിക്കുമ്പോഴാണ് സമർപ്പണ സമ്പൂർത്തി കൈവരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img