
അമ്മായിഅമ്മ പെട്ടെന്ന് മരിക്കണമെന്ന പ്രാർത്ഥന എഴുതി യുവതി ക്ഷേത്രഭണ്ഡാരത്തിലിട്ട നോട്ടാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. കർണടകയിലെ കൽബുർഗിയിലുള്ള അഫ്‌സൽപൂർ താലൂക്കിലെ ഘട്ടരാഗി ഗ്രാമത്തിലെ ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് പ്രാർത്ഥന എഴുതിയ 20 രൂപയുടെ നോട്ട് കണ്ടെത്തിയത്. ഇതിന്റെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.
ക്ഷേത്രം അധികൃതർ ഭാണ്ഡാരത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകൾ എണ്ണുന്നതിനിടയിലാണ് ഈ നോട്ടും കണ്ടെത്തിയത്. 'എന്റെ അമ്മായിഅമ്മ എത്രയും വേഗം മരിക്കട്ടെ' എന്നായിരുന്നു ഈ 20 രൂപാ നോട്ടിൽ പേന കൊണ്ട് കുറിച്ചിരിക്കുന്നത്. ഏതോ യുവതി തന്റെ അമ്മായിഅമ്മയുടെ മരണത്തിന് ആഗ്രഹിച്ചുകൊണ്ട് സ്വന്തം കൈപ്പടയിൽ പ്രാർത്ഥന എഴുതി ക്ഷേത്ര ഭണ്ഡാരത്തിൽ ഇട്ടതാണ് ഈ 20 രൂപാ നോട്ട് എന്നാണ് കരുതുന്നത്. ഇത് കൂടാതെ 60 ലക്ഷം രൂപയും ഒരു കിലോ വെള്ളിയും 200 സ്വർണാഭരണങ്ങളും ഭണ്ഡാരത്തിൽ ഭക്തർ സമർപ്പിച്ചിരുന്നെങ്കിലും സൈബർ ലോകത്ത് ചർച്ചയായത് ഈ 20 രൂപ നോട്ട് മാത്രമാണ്.











