
മത്സ്യസുഗന്ധി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർ കുഫോസിൽ
കൊച്ചി: സമുദ്രോൽപ്പന്ന മേഖലയിലെ നവീന സംരംഭ സാധ്യതകൾ പ്രയോജനപ്പെടുത്തി വനിതകളെ സ്വയംപര്യാപ്ത സംരംഭകരാക്കുന്നതിന് ലക്ഷ്യമിട്ട്, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന്റെ (CSL) സി.എസ്.ആർ. പിന്തുണയോടെ, എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (EDII)യും കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയും (KUFOS) സംയുക്തമായി നടപ്പിലാക്കുന്ന ‘മത്സ്യസുഗന്ധി’ പദ്ധതി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ആരംഭിച്ചു.
കേരളത്തിന്റെ ബ്ലൂ ഇക്കണോമിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം മത്സ്യബന്ധന–വിപണന മേഖലയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വനിതകളെ സംരംഭ രൂപീകരണത്തിലൂടെ സ്വയംപര്യാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 200 വനിതകൾക്ക് പരിശീലനം നൽകും. നാല് ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകളിലായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സാങ്കേതിക–നൈപുണ്യ പരിശീലനത്തിൽ മൂല്യവർധിത മത്സ്യോൽപ്പന്നങ്ങൾ, അലങ്കാര മത്സ്യകൃഷി, നാനോ അക്വേറിയം & ടെറേറിയം നിർമ്മാണം, ഫിഷ് ഫീഡ് നിർമ്മാണം എന്നീ വിഷയങ്ങളിൽ പരിശീലനം ലഭ്യമാക്കും. ഇതോടൊപ്പം സംരംഭകത്വ വായ്പകൾ, ലൈസൻസിംഗ്, പാക്കേജിംഗ്, ബ്രാൻഡിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, സംരംഭ രൂപീകരണം തുടങ്ങിയ വിഷയങ്ങളിലും സമഗ്ര മാർഗനിർദേശം നൽകും. പരിശീലനത്തിനുശേഷം 18 മാസക്കാലയളവിൽ സംരംഭ രൂപീകരണത്തിനായി കുഫോസിന്റെ ബിസിനസ് ഇൻകുബേഷൻ പിന്തുണയും പദ്ധതിയുടെ ഭാഗമായി ഉറപ്പുനൽകുന്നു.
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കുഫോസ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എ. ബിജുകുമാർ നിർവഹിച്ചു.കുഫോസ് രജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളി അധ്യക്ഷനായി.ചടങ്ങിൽ പ്രോജക്ട് ഡയറക്ടർ ശ്രീ. ശിവൻ അമ്പാട്ട്, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് സി.എസ്.ആർ. വിഭാഗം തലവൻ ശ്രീ. സമ്പത്ത് കുമാർ, ഡോ. എസ്. സുരേഷ് കുമാർ, ഡോ. എം.കെ. സജീവൻ, ഡോ. രാധിക രാജശ്രീ എന്നിവർ സംസാരിച്ചു. നോഡൽ ഓഫീസർ ഡോ. ബിനു വർഗീസ് നന്ദി രേഖപ്പെടുത്തി.
Photo Courtesy - Google








