
ലഖ്നൗ: മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ പത്ത് പേർ മരിച്ചു. ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. ലുധിയാനയിൽ നിന്നെത്തിയ തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കേശി ഘട്ട് സമീപത്താണ് ബോട്ടപകടമുണ്ടായത്.
ഏകദേശം 30 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ട് പുഴയ്ക്ക് കുറുകെ നിർമ്മിച്ച പോണ്ടൂൺ പാലത്തിൽ ഇടിച്ചതാണ് അപകടത്തിന് വഴിവച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് തലകീഴായി മറിയുകയായിരുന്നു. പതിനേഴുപേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
സംഭവത്തെത്തുടർന്ന് സൈന്യവും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയും ദേശീയ ദുരന്ത പ്രതികരണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം ശക്തമാക്കി. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കാനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.
ബോട്ട് ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് പ്രധാന കാരണം എന്നതാണ് പ്രാഥമിക കണ്ടെത്തൽ. 15 പേർക്ക് മാത്രം ശേഷിയുള്ള ബോട്ടിൽ ഇരട്ടിയിലധികം ആളുകളെ കയറ്റിയിരുന്നു. അപകടത്തിനു പിന്നാലെ ബോട്ട് ഓപ്പറേറ്റർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്.
അപകടസമയത്ത് മണിക്കൂറിൽ 31 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയിരുന്നു. കാലാവസ്ഥ പെട്ടെന്ന് മോശമായതോടെ ബോട്ട് കുലുങ്ങിത്തുടങ്ങിയെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. വേഗം കുറയ്ക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും ഓപ്പറേറ്റർ അത് അവഗണിച്ചുവെന്ന ആരോപണവും ഉയരുന്നു.
ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നത് മരണസംഖ്യ വർധിക്കാൻ കാരണമായി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ബോട്ട് സർവീസ് അനുവദിച്ചതിൽ അധികൃതർക്കെതിരെയും വിമർശനം ഉയരുന്നുണ്ട്. സമീപത്തുണ്ടായിരുന്ന നാട്ടുകാരും മുങ്ങൽ വിദഗ്ധരും ചേർന്നാണ് പലരെയും രക്ഷപ്പെടുത്തിയത്.











