
പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണം വീണ്ടും ആവർത്തിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്തെത്തി. 2019 മെയ് 31ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ രേഖകൾ പുറത്തുവിട്ട് അദ്ദേഹം സർക്കാരിനെതിരെ ഗുരുതര വിമർശനം ഉന്നയിച്ചു. മഴക്കാലം തുടങ്ങും മുൻപേ തന്നെ തോട്ടപ്പിള്ളി സ്പിൽവേക്കടുത്തുള്ള മണൽ നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നുവെന്ന് രേഖകളിൽ വ്യക്തമാകുന്നതായി അദ്ദേഹം പറഞ്ഞു. പ്രളയ പ്രതിരോധ നടപടികളേക്കാൾ കരിമണൽ സംരക്ഷണത്തിനാണ് സർക്കാർ മുൻഗണന നൽകിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
മുൻ അനുഭവങ്ങളെ അടിസ്ഥാനമാക്കി, മഴയെത്തുമ്പോൾ മണൽ ഒഴുകിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഉത്തരവിൽ പറയുന്നുണ്ടെന്നും, ഡാം മാനേജ്മെന്റ് ചുമതലയുള്ള വകുപ്പിന് മണലുമായി എന്ത് ബന്ധമെന്ന് അദ്ദേഹം ചോദിച്ചു. പ്രളയ മുന്നൊരുക്കങ്ങൾക്ക് പകരം ഇറിഗേഷൻ വകുപ്പ് കരിമണൽ സംരക്ഷണത്തിനാണ് കൂടുതൽ ശ്രദ്ധ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
സഭയിൽ ഇത്തരം വിഷയങ്ങൾ ഉയർത്തുമ്പോൾ ഏകപക്ഷീയ നടപടികളാണ് നേരിടേണ്ടി വരുന്നതെന്നും, ആവശ്യമെങ്കിൽ മൈക്ക് ഓഫ് ചെയ്യുന്നതുവരെ സംഭവിക്കാറുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
2018ലെ പ്രളയാനുഭവത്തിന് ശേഷം പോലും മുൻകരുതലുകൾ സ്വീകരിക്കുന്നതിനുപകരം മണൽ നീക്കം ചെയ്യുന്നതിനായിരുന്നു മുൻഗണന നൽകിയതെന്ന് ആരോപിച്ച മാത്യു കുഴൽനാടൻ, മഴ തുടങ്ങും മുൻപേ എങ്ങനെയും മണൽ മാറ്റണമെന്ന നിർദേശമാണ് ഉത്തരവുകളിൽ ഉണ്ടായിരുന്നതെന്നും കൂട്ടിച്ചേർത്തു.











