
ന്യൂഡൽഹി: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ)-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സമഗ്രമായ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് എം.എൽ.എ. മാത്യു കുഴൽനാടൻ സുപ്രീം കോടതിയെ സമീപിച്ചു.
ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരെയാണ് കുഴൽനാടൻ ഇപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് അപ്പീലിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി തിങ്കളാഴ്ച ഈ അപ്പീൽ പരിഗണിച്ചേക്കും.
ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളായിരുന്നു ഹൈക്കോടതി തള്ളിയത്.
സംശയത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം അനാവശ്യമായ അന്വേഷണം പൊതുസേവകരുടെ കരിയറിനും പ്രശസ്തിക്കും കളങ്കമാകും എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ആരോപണം തെളിയിക്കുന്ന വസ്തുതകളില്ല, സംശയം മാത്രമാണ് പരാതിയിൽ ഉള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സി.എം.ആർ.എൽ. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷ്യൻസിനും ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകി എന്നതായിരുന്നു ആദായനികുതി ബോർഡിന്റെ കണ്ടെത്തൽ.











