
പത്തുവർഷം മുമ്പ് ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ ജീവൻ തിരികെ നേടിയ ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടൻ (57) അന്തരിച്ചു. 2015 ജൂലൈ 24-നാണ് അദ്ദേഹത്തിന് ഹൃദയം മാറ്റിവെച്ചത്. അന്നാണ് സംസ്ഥാനത്ത് ആദ്യമായി ഹൃദയം കൊണ്ടുപോകാനായി എയർ ആംബുലൻസ് ഉപയോഗിച്ചത്. നാവികസേനയുടെ ഡോണിയർ 228 വിമാനത്തിലാണ് തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ഹൃദയം എത്തിച്ചത്.
അന്ന് തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ ഉണ്ടായിരുന്ന പാറശാല സ്വദേശി അഡ്വ. നീലകണ്ഠശർമയ്ക്ക് മസ്തിഷ്കമരണം സംഭവിച്ചതിനെ തുടർന്ന് കുടുംബം അവയവദാനത്തിന് സമ്മതം നൽകിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഹൃദയം മാത്യുവിന് മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലെ രോഗികളുടെ പട്ടികയിൽ നിന്നാണു ഹൃദയകൈമാറ്റത്തിനു കൊച്ചി ലിസി ആശുപത്രിയിൽ ചികിൽസയിലുള്ള ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടനെ കണ്ടെത്തിയത്. മാത്യുവിന്റെയും നീലകണ്ഠ ശർമയുടെയും രക്തഗ്രൂപ്പ് ഒ പോസിറ്റീവ് ആയിരുന്നു.
തിരുവനന്തപുരം മുതൽ കൊച്ചി വരെ ഏകദേശം 210 കിലോമീറ്റർ ദൂരം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഹൃദയം എത്തിക്കേണ്ടതുണ്ടായതിനാൽ റോഡ് മാർഗം ഒഴിവാക്കി വ്യോമ മാർഗം തെരഞ്ഞെടുത്തു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലോടെ നാവികസേനയുടെ ഡോണിയർ 228 വിമാനം സജ്ജമാക്കി.
2015 ജൂലൈ 24-ന് ഉച്ചയ്ക്ക് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിൽ ഡോക്ടർമാരുടെ സംഘം എത്തി. പൊലീസ് ഗതാഗത നിയന്ത്രണത്തോടെ ആശുപത്രിയിലെത്തി, ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചു. വൈകിട്ട് 6.20-ന് ഹൃദയം പുറത്തെടുത്ത ശേഷം 6.51-ന് വിമാനം തിരികെ കൊച്ചിയിലേക്ക് പുറപ്പെട്ടു. 7.35-ന് കൊച്ചിയിലെത്തി, തുടർന്ന് ലിസി ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
നാവികസേനയുടെ ശക്തമായ നിരീക്ഷണവിമാനമായ ഡോണിയർ 228 പ്രത്യേക സൗകര്യങ്ങളോടെ ഒരുക്കിയായിരുന്നു ഈ ദൗത്യം. മലയാളിയായ കമാൻഡർ എസ്. ഗോപിനാഥും സബ് ലഫ്റ്റനന്റ് രക്ഷിത് കപൂറും ചേർന്നാണ് വിമാനം നിയന്ത്രിച്ചത്.
ഭാര്യ ബിന്ദുവും മക്കളായ അമലും അന്നയും അടങ്ങുന്നതാണ് മാത്യു അച്ചാടന്റെ കുടുംബം.










