12:11am 01 June 2026
NEWS
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കോടികളുടെ വൻ കവർച്ച; ശ്രീകോവിലിൽ നിന്ന് അമൂല്യമായ 'വൈരനാമ'വും സ്വർണവിളക്കും കടത്തി:


28/05/2026  09:30 AM IST
സുരേഷ് വണ്ടന്നൂർ
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കോടികളുടെ വൻ കവർച്ച; ശ്രീകോവിലിൽ നിന്ന് അമൂല്യമായ വൈരനാമവും സ്വർണവിളക്കും കടത്തി:

തിരുവനന്തപുരം: ലോകപ്രശസ്തമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട, വജ്രം പതിച്ച അമൂല്യ ആഭരണമായ 'വൈരനാമ'വും പ്രധാന സ്വർണവിളക്കും കവർന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണവും വജ്രവും മറ്റ് ആഭരണങ്ങളുമാണ് ഇതോടൊപ്പം മോഷണം പോയതെന്നാണ് സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി) സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്നവയാണിത്.
​പൊലീസ് മേധാവി ആറുമാസം മുമ്പ് ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് നൽകിയ അതീവ രഹസ്യ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശബരിമലയിലെ സ്വർണക്കവർച്ചാ വിവാദങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള വൻ സുരക്ഷാ വീഴ്ചയാണ് തലസ്ഥാന നഗരിയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സംഭവിച്ചിരിക്കുന്നത്.
​'പോളിഷിംഗ്' രേഖകളിൽ ഒതുങ്ങി; സ്വർണവും കടത്തി
​ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്റെ ഉടൽഭാഗത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ചെറിയ കൃഷ്ണവിഗ്രഹത്തിന്റെ നെറ്റിയിൽ ചാർത്തുന്ന, 108 അപൂർവ്വ രത്നങ്ങളും നടുവിൽ റൂബിയും പതിപ്പിച്ച അമൂല്യ ആഭരണമാണ് 'വൈരനാമം'. ആറുമാസം മുൻപ് ഇത് പോളിഷ് ചെയ്യുന്നതിനായി കൊണ്ടുപോയെന്നാണ് ക്ഷേത്രരേഖകളിൽ കാണിച്ചിരിക്കുന്നത്. എന്നാൽ ഭക്തർ സമർപ്പിച്ച സ്വർണ ഉരുപ്പടികളിൽ നിന്നും വലിയ തോതിൽ സ്വർണം മോഷണം പോയതായും, പ്രാഥമിക പരിശോധനയിൽ 9.75 പവൻ സ്വർണത്തിന്റെ കുറവ് കണ്ടെത്തിയതായും ഡി.ജി.പിയുടെ റിപ്പോർട്ടിലുണ്ട്.
​പ്രധാന സ്വർണവിളക്കും കാണാനില്ല
​ശ്രീകോവിലിനുള്ളിൽ ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന ഏഴ് സ്വർണ ദളങ്ങളുള്ള പ്രധാന വിളക്കും അറ്റകുറ്റപ്പണിക്കെന്ന പേരിൽ കടത്തിയതായാണ് വിവരം. നിലവിൽ ദീപാരാധനയ്ക്ക് വെള്ളി വിളക്കാണ് ഉപയോഗിക്കുന്നത്. തിരുവനന്തപുരം ഡി.സി.പി നകുൽ രാജേന്ദ്ര ദേശ്മുഖ് നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിനുള്ളിൽ സ്വർണം ചിതറിക്കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത് ഉടൻ തന്നെ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റണമെന്ന് അദ്ദേഹം റിപ്പോർട്ട് നൽകിയിരുന്നതുമാണ്. മുൻപ് ക്ഷേത്രത്തിൽ നിന്നു കാണാതായ വെള്ളിക്കിണ്ണം വിവാദമായപ്പോൾ, ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു പ്രമുഖന്റെ ഡ്രൈവർ അത് തിരികെ എത്തിച്ചിരുന്നു.
​കൊട്ടാരത്തിലുള്ളവർക്ക് മാത്രം പ്രവേശിക്കാൻ അനുമതിയുള്ള, യാതൊരുവിധ സുരക്ഷാ പരിശോധനകളോ സ്കാനറുകളോ ഇല്ലാത്ത 'ചെമ്പകത്തുംമൂട്' വാതിൽ വഴിയാണ് മോഷണമുതലുകൾ പുറത്തേക്ക് കടത്തിയതെന്നാണ് പൊലീസിന്റെ ശക്തമായ സംശയം.
കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ബന്ധം?
​കവടിയാർ കൊട്ടാരത്തിൽ അടുത്തിടെ നടന്ന മോഷണവും ക്ഷേത്രത്തിലെ കവർച്ചയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കൊട്ടാരവുമായി ബന്ധപ്പെട്ട ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഈയടുത്ത കാലത്തായി വൻതുക വന്നതും അന്വേഷണ പരിധിയിലാണ്.
​അതേസമയം, പുറത്തുവന്ന വാർത്തകളും ആരോപണങ്ങളും പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ പ്രസ്താവനയിലൂടെ അറിയിച്ചു. ക്ഷേത്ര സമുച്ചയം മുഴുവൻ കനത്ത സി.സി.ടി.വി നിരീക്ഷണത്തിലാണെന്നും യാതൊരുവിധ സുരക്ഷാ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നുമാണ് ക്ഷേത്ര അധികൃതരുടെ വാദം. ഭക്തർക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിതുറന്ന ഈ സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img