07:39pm 31 October 2026
NEWS
പാകിസ്ഥാൻ സർക്കാരിനെതിരെ പാക് അധീന കശ്മീരിൽ വൻ പ്രക്ഷോഭം
29/09/2025  01:34 PM IST
nila
പാകിസ്ഥാൻ സർക്കാരിനെതിരെ പാക് അധീന കശ്മീരിൽ വൻ പ്രക്ഷോഭം

പാക് അധീന കശ്മീരിൽ വൻ പ്രക്ഷോഭം. പാകിസ്ഥാനിലെ  ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ ജനങ്ങൾ തെരുവുകളിൽ പ്രതിഷേധിക്കുകയാണ്. അവാമി ആക്‌ഷൻ കമ്മിറ്റി (എഎസി)യുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറുന്നത്. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടിയാണ് അവാമി ആക്‌ഷൻ കമ്മിറ്റി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. ഇതോടെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധങ്ങളിൽ അണിനിരന്നത്. 

പാകിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് റിപ്പോർട്ട്. പ്രതിഷേധങ്ങൾ തടയാൻ സർക്കാർ വൻതോതിൽ സുരക്ഷാ സേനയെ വിന്യസിച്ചു. ഇന്റർനെറ്റ് വിച്ഛേദിച്ചു. പിഒകെയിലെ പ്രധാന പാതകളിൽ ചിലത് അടച്ചു. സ്ഥാപനങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തി. പ്രാദേശിക സുരക്ഷാ സേനയ്ക്ക് പിന്തുണ നൽകാൻ ഇസ്‌ലാമാബാദിൽനിന്ന് 1,000 പൊലീസ് ഉദ്യോഗസ്ഥരെ കൂടി അയച്ചിട്ടുണ്ട്. 

പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി പാക് അധിനിവേശ കശ്മീരിലെ നിയമസഭയിൽ നീക്കിവെച്ചിട്ടുള്ള 12 സീറ്റുകൾ നിർത്തലാക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നു. ഇത് പ്രാദേശിക ഭരണത്തെ ദുർബലപ്പെടുത്തുന്നുവെന്നാണ് അവരുടെ വാദം. സബ്‌സിഡി നിരക്കിലുള്ള ധാന്യം, ന്യായമായ വൈദ്യുതി നിരക്ക്, സർക്കാർ വാഗ്ദാനം ചെയ്ത പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുക എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ. ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടത്.

ക്യാംപയിൻ ഒരു സ്ഥാപനത്തിനും എതിരല്ലെന്നും 70 വർഷത്തിലധികമായി ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്ക് വേണ്ടിയാണെന്നും എഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു. ഒന്നുകിൽ അവകാശങ്ങൾ നൽകണമെന്നും അല്ലെങ്കിൽ ജനങ്ങളുടെ രോഷം നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img