
ബ്രസീലിലെ ബെലേമിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടി (COP-30) വേദിയിൽ വൻ തീപിടിത്തം. പുക ഉയർന്നതോടെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെ ആയിരത്തിലധികം പ്രതിനിധികളെ വേദിയിൽ നിന്നും മാറ്റി. പുക ശ്വസിച്ചതിനെ തുടർന്ന് ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച 13 പേർക്ക് സ്ഥലത്തുവച്ചുതന്നെ ചികിത്സ നൽകി.
ഇന്ത്യൻ പ്രതിനിധി സംഘത്തിലെ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉൾപ്പെടെയുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തീ പൂർണമായും നിയന്ത്രണത്തിലായെന്ന് ബ്രസീൽ ടൂറിസം മന്ത്രി സെൽസോ സാബിനോ വ്യക്തമാക്കി.
ആരോഗ്യ–ശാസ്ത്ര പവലിയനിലെ ഒരു ഇലക്ട്രിക്കൽ ഉപകരണത്തിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൽക്കരി ഉപയോഗം, കാലാവസ്ഥാ ധനസഹായം, വ്യാപാര ചട്ടങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മന്ത്രിമാർ തമ്മിലുള്ള നിർണായക ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. ഈ മാസം 10ന് ആരംഭിച്ച COP-30 അവസാനദിവസത്തിലേക്കെത്തിയ അവസരത്തിലാണ് തീപിടിത്തം ആശങ്ക സൃഷ്ടിച്ചത്.











