08:17am 08 November 2026
NEWS
യുദ്ധം രൂക്ഷമാകുന്നു; ഇറാനിൽ വൻ സ്ഫോടനങ്ങൾ
08/11/2026  07:47 AM IST
nila
യുദ്ധം രൂക്ഷമാകുന്നു; ഇറാനിൽ വൻ സ്ഫോടനങ്ങൾ

ടെഹ്റാൻ: ഇറാനിലെ വിവിധ മേഖലകളിൽ വൻ സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. ഖേഷം, ജാസ്ക്, സിറിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തത്. സംഭവത്തിനു പിന്നിൽ ആക്രമണമാണോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇതിനിടെ, ഇറാനിൽനിന്ന് മടങ്ങുകയായിരുന്ന കപ്പലിനു നേരെ ഒമാൻ കടലിൽ യുഎസ് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

അന്താരാഷ്ട്ര തലത്തിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ രാജ്യം ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. പുതിയ മിസൈൽ ശേഖരം അടുത്തയാഴ്ച പുറത്തുവിടുമെന്ന് ഇറാൻ സൈന്യവും അറിയിച്ചു. അതേസമയം, ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കൈമാറുന്നവർക്ക് രണ്ടു കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ്. ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ രാജ്യാന്തര ആണവോർജ ഏജൻസിയുടെ കൈവശമില്ലെന്നാണ് റിപ്പോർട്ട്.

അതിനിടെ, പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടെന്ന പ്രചാരണം മധ്യസ്ഥരായ ഖത്തർ തള്ളി. ചർച്ചകൾ പ്രതീക്ഷാനിർഭരമായി മുന്നോട്ടുപോകുകയാണെന്നും മേഖലയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി വ്യക്തമാക്കി.

ആണവായുധം വികസിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് ഫെബ്രുവരിയിൽ യുഎസും ഇസ്രയേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചത്. ഇതിനു പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img