
ലോകത്തെ ഞെട്ടിച്ച് ഫേസ്ബുക്കിൽ വൻ വിവരച്ചോർച്ച. 120 കോടിയിലേറെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സൈബർ അധോലോകമായ ഡാർക്ക്‌വെബിൽ വിൽപനയ്ക്ക് വെച്ചതായി റിപ്പോർട്ട്. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ചയാണിത്.
ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങൾ ഒറ്റയടിക്ക് ചോർത്താൻ ഉപയോഗിച്ച 'വെബ് സ്ക്രാപ്പിംഗ്' എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഇതിന് പിന്നിൽ. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരെയാകെ ആശങ്കയിലാഴ്ത്തുന്ന ഈ സംഭവം വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
ചോർത്തിയ വിവരങ്ങളിൽ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ, വീഡിയോകൾ, പാസ്‌വേഡുകൾ, സ്ഥലം, വയസ്സ്, ബന്ധുവിവരങ്ങൾ, മെയിൽ ഐ.ഡി തുടങ്ങിയവ ഉൾപ്പെടുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് ഹാക്കർമാർക്ക് ബാങ്ക്, ആധാർ, ക്രെഡിറ്റ് കാർഡ്, എ.ടി.എം കാർഡ് വിവരങ്ങൾ പോലും എളുപ്പത്തിൽ കൈക്കലാക്കാൻ സാധിക്കുമെന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നു. ഫേസ്ബുക്കിന്റെ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസിലെ സുരക്ഷാ പാളിച്ചകളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സൈബർ വിദഗ്ദ്ധർ പറയുന്നു. 'ബൈറ്റ് ബ്രേക്കർ' എന്ന പ്രൊഫൈലിലൂടെയാണ് ഈ വിവരങ്ങൾ ഡാർക്ക്‌വെബിന് വിറ്റഴിച്ചത്.
വിവരങ്ങൾ വിൽക്കാൻ പണവും ക്രിപ്റ്റോകറൻസിയുമെല്ലാം ഡാർക്ക്‌വെബ് കൈപ്പറ്റുന്നുണ്ട്. നിരോധിത ലഹരി ഉത്പന്നങ്ങൾക്കായും വിവരങ്ങൾ വിൽക്കുന്നുണ്ടെന്നും ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്. ലഹരി ഉത്പന്നങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളെ പോലും ഫേസ്ബുക്ക് വിവരങ്ങൾ ഹാക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ടത്രേ. സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നചിത്രങ്ങൾ നിർമ്മിക്കുന്നതിനും ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതിനായി നിർമ്മിതബുദ്ധിയും (AI) ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. 'വേം ജി.പി.ടി' പോലുള്ള അനധികൃത എ.ഐ ടൂളുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ കമ്പനികൾക്ക് വിറ്റ് ബിസിനസ് സർവേകൾക്കും അഭിപ്രായ രൂപീകരണത്തിനും ഉപയോഗിക്കാനും സാധ്യതയുണ്ട്. കൂടാതെ, ബാങ്ക് വിവരങ്ങൾ ഉപയോഗിച്ച് പണം തട്ടാനും സാധ്യതയുണ്ട്.
മുൻകരുതൽ അത്യാവശ്യം
ഇത്തരം വിവരച്ചോർച്ചകൾ തടയാൻ ഉപഭോക്താക്കൾ അതീവ ജാഗ്രത പുലർത്തണമെന്ന് സൈബർ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു:
* സ്വകാര്യ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ഒഴിവാക്കുക.
* പാസ്‌വേഡുകൾ ഇടയ്ക്കിടെ മാറ്റുക.
* സൈബർ സഹായത്തിനായി 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുക.
സൈബർ ഫോറൻസിക് അനാലിസിസിലൂടെ വിവരച്ചോർച്ച എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താൻ സാധിക്കുമെന്നും, അതിന് സമയമെടുക്കുകയും പണം ചെലവാകുകയും ചെയ്യുമെന്നും സൈബർ ഫോറൻസിക് വിദഗ്ദ്ധൻ അഡ്വ. റെജി വസന്ത് പറയുന്നു. അതിനാൽ ജാഗ്രതയോടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു.











