07:19am 22 November 2026
NEWS
കോവിഡ് കാലത്തെ ഗ്ലൗസ് വാങ്ങലിൽ വൻ അഴിമതി: നാലിരട്ടി വിലയ്ക്ക് ഒരു കോടി എണ്ണം വാങ്ങി; പകുതിയിലേറെയും ഉപയോഗിക്കാതെ നശിച്ചു


22/11/2026  05:55 AM IST
nila
കോവിഡ് കാലത്തെ ഗ്ലൗസ് വാങ്ങലിൽ വൻ അഴിമതി: നാലിരട്ടി വിലയ്ക്ക് ഒരു കോടി എണ്ണം വാങ്ങി; പകുതിയിലേറെയും ഉപയോഗിക്കാതെ നശിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഗ്ലൗസുകൾ വാങ്ങിയതിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ (കെ.എം.എസ്.സി.എൽ.) ഗുരുതര വീഴ്ചയെന്ന് ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്. വിപണിവിലയേക്കാൾ നാലിരട്ടിയോളം ഉയർന്ന നിരക്കിൽ ഒരു കോടി ഗ്ലൗസുകൾ വാങ്ങിയതിനു പിന്നാലെ, അവയിൽ 58.40 ലക്ഷം എണ്ണവും ഉപയോഗിക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടന്ന് നശിച്ചു. ഇതുവഴി ഖജനാവിന് 7.09 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. അന്നത്തെ കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ എസ്.ആർ. ദിലീപ് കുമാറിനെ പ്രതിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിശദമായ വിജിലൻസ് അന്വേഷണത്തിനായി റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

2021 ജൂൺ, ജൂലൈ മാസങ്ങളിലാണ് അഗ്രത അവോൺ എക്സിം എന്ന കമ്പനിയിൽനിന്ന് ഒരു കോടി ഗ്ലൗസുകൾ വാങ്ങാൻ തീരുമാനിച്ചത്. ഒരു ഗ്ലൗസിന് 12.10 രൂപയായിരുന്നു വില. എന്നാൽ കമ്പനിയുടെ നിരക്ക് കുറയ്ക്കുന്നതിനായി ചർച്ചകൾ നടത്തുകയോ വിലപേശുകയോ ചെയ്തില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ഇതേ കാലയളവിൽ മറ്റൊരു കമ്പനിയിൽനിന്ന് 7.72 രൂപ നിരക്കിലും അടുത്ത വർഷം 3.10 രൂപ നിരക്കിലും ഗ്ലൗസുകൾ വാങ്ങിയിരുന്നു.

കാർഷിക ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിപണനത്തിലേർപ്പെട്ടിരുന്ന അഗ്രത കമ്പനിക്ക് 12 കോടി രൂപയുടെ ഓർഡർ നൽകിയതും മതിയായ സുരക്ഷാ ഉറപ്പുകളില്ലാതെ 6.07 കോടി രൂപ മുൻകൂറായി അനുവദിച്ചതും സംശയാസ്പദമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കരാർ അനുസരിച്ച് 15 ദിവസത്തിനുള്ളിൽ മുഴുവൻ ഗ്ലൗസുകളും എത്തിക്കേണ്ടതായിരുന്നു. എന്നാൽ 30 ദിവസം കഴിഞ്ഞപ്പോൾ വിതരണം ചെയ്തത് 41.60 ലക്ഷം എണ്ണം മാത്രം. ഇതോടെ 17 ദിവസം പിന്നിട്ടപ്പോൾ പുതിയ ടെൻഡർ ക്ഷണിച്ച് മറ്റൊരു കമ്പനിക്ക് 7.72 രൂപ നിരക്കിൽ കരാർ നൽകി.

എന്നാൽ, ഇതിനിടെ അഗ്രത കമ്പനിയും ബാക്കിയുള്ള ഗ്ലൗസുകൾ വിതരണം ചെയ്തു. 58.40 ലക്ഷം ഗ്ലൗസുകൾ തിരുവനന്തപുരം, എറണാകുളം ഗോഡൗണുകളിൽ എത്തിക്കുകയും കെ.എം.എസ്.സി.എൽ. അവ ഏറ്റുവാങ്ങി സൂക്ഷിക്കുകയും ചെയ്തു. പിന്നീട് സപ്ലൈ ഓർഡർ റദ്ദാക്കിക്കൊണ്ട് ജനറൽ മാനേജർ ഉത്തരവിറക്കുകയായിരുന്നു. ഉയർന്ന വിലയ്ക്ക് ഗ്ലൗസുകൾ വാങ്ങിയ നടപടി വിവാദമായതിനു പിന്നാലെയായിരുന്നു ഈ നീക്കമെന്നാണ് അന്വേഷണത്തിലെ സംശയം.

ഓർഡർ റദ്ദാക്കിയതോടെ കമ്പനിക്ക് ബാക്കി നൽകേണ്ടിയിരുന്ന 6.07 കോടി രൂപ കൈമാറിയില്ല. ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ ഇപ്പോഴും തുടരുകയാണ്.

അതേസമയം, ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന 58.40 ലക്ഷം ഗ്ലൗസുകളും ഉപയോഗിക്കാതെ കാലാവധി കഴിഞ്ഞ് നശിച്ചു. ഇതിനിടെ മറ്റ് കമ്പനികളിൽനിന്നും കോടിക്കണക്കിന് ഗ്ലൗസുകൾ വാങ്ങിയതും ആവശ്യത്തിലധികം സ്റ്റോക്ക് ഉണ്ടാകാൻ കാരണമായി. സംഭരണത്തിലും വിതരണത്തിലും ഉണ്ടായ വീഴ്ചകൾ മൂലം ഗ്ലൗസുകൾ ഉപയോഗശൂന്യമായതിലൂടെ 7.09 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിനുണ്ടായതെന്ന് ആഭ്യന്തര വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img