03:03am 27 August 2026
NEWS
അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന്റെ പേരിൽ വൻ അഴിമതിയും സ്വജനപക്ഷപാതവും? ഒരൊറ്റ ഉത്തരത്തിന് 50 മാർക്ക്
21/01/2026  10:38 AM IST
nila
അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന്റെ പേരിൽ വൻ അഴിമതിയും സ്വജനപക്ഷപാതവും? ഒരൊറ്റ ഉത്തരത്തിന് 50 മാർക്ക്

ചെന്നൈ: തമിഴ്നാട്ടിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിൽ വൻ അഴുമതിക്കും സ്വജന പക്ഷപാതത്തിനും വഴിയൊരുങ്ങുന്നു എന്ന ആരോപണം ശക്തമാകുന്നു. 2,708 പോസ്റ്റുകളിലേക്കുള്ള നിയമന പ്രക്രിയയിൽ ഒരു ഉപന്യാസത്തിന് മാത്രം 50 മാർക്ക് നിശ്ചയിച്ചതാണ് ഉദ്യോ​ഗാർത്ഥികൾ അഴിമതിക്കും സ്വജന പക്ഷപാതത്തിനുമുള്ള വഴിയെന്ന് ചൂണ്ടിക്കാട്ടുന്നത്. 

രാവിലെയും ഉച്ചക്ക് ശേഷവും രണ്ട് പരീക്ഷകളാണ് തമിഴ്നാട് റിക്രൂട്ട്മെന്റ് ബോർഡ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിനായി നടത്തിയത്. രാവിലെ നടന്ന പരീക്ഷയിൽ 30 നിർബന്ധിത തമിഴ് ചോദ്യങ്ങളും പ്രസക്തമായ വിഷയത്തിൽ 100 ​​ചോദ്യങ്ങളും ഉൾപ്പെടെ രണ്ട് സെഷനുകളിലായാണ് പരീക്ഷ നടത്തിയത്. ഉച്ചകഴിഞ്ഞുള്ള സെഷനിൽ ഇന്ത്യൻ ഭരണഘടന, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പുനരുപയോഗ ഊർജ്ജം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്നുള്ള വിവരണാത്മക ഉപന്യാസ തരത്തിലുള്ള ചോദ്യങ്ങളുണ്ടായിരുന്നു. ഈ പരീക്ഷയിൽ ആകെ അഞ്ച് ചോദ്യങ്ങളാണ് നൽകിയിരുന്നത്. ഇതിൽ ഒരെണ്ണത്തിനാണ് ഉത്തരം എഴുതേണ്ടത്. ഈ ഒരു ഉത്തരത്തിന് 50 മാർക്കും നിശ്ചയിച്ചിരുന്നു.

ഒരൊറ്റ ചോദ്യത്തിന്റെ ഉത്തരത്തിന് 50 മാർക്ക് നൽകുന്നതിനെയാണ് ഉദ്യോ​ഗാർത്ഥികൾ സംശയത്തോടെ നോക്കുന്നത്. അതും വിവരണാത്മക ഉപന്യാസ തരത്തിലുള്ള ഉത്തരമായതിനാൽ മൂല്യനിർണയം നടത്തുന്നയാളുടെ മനോ​ഗതിക്കനുസരിച്ചാകും മാർക്ക് നൽകുക. 50 മാർക്ക് എന്നത് റാങ്ക് ലിസ്റ്റിൽ എത്തപ്പെടാനുള്ള വലിയൊരു മാർക്കാണ് എന്നും ഒരു വിഭാ​ഗം ഉദ്യോ​ഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. 

50 മാർക്കിന്റെ ഒറ്റ ചോദ്യത്തിലൂടെ വൻ അഴിമതിയാണ് നടക്കുക എന്നാണ് ഉയരുന്ന ആരോപണം. കോളജ്  അസിസ്റ്റന്റ് പ്രൊഫസർ പോലുള്ള ഉയർന്ന തസ്തികകളിലേക്ക് എത്ര ലക്ഷങ്ങൾ വേണമെങ്കിലും നൽകി ജോലിയിൽ പ്രവേശിക്കാൻ തയ്യാറായി നിൽക്കുന്ന ആളുകളുണ്ട്. അവരിൽ നിന്നും പണം വാങ്ങി മാർക്ക് നൽകുകയും അതുവഴി റാങ്ക് ലിസ്റ്റിലെ ആദ്യ സ്ഥാനങ്ങളിൽ എത്തിപ്പെടുകയും ചെയ്യാൻ ഈ രീതി വഴിയൊരുക്കും എന്നും ചൂണ്ടിക്കാട്ടുന്നു. പണമുള്ളവന് തൊഴിൽ എന്ന നിലപാടാണ് സംസ്ഥാന സർക്കാരും തമിഴ്നാട് റിക്രൂട്ട്മെന്റ് ബോർഡും സ്വീകരിക്കുന്നത്. അധികൃതർക്ക് താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികളും ഈ രീതിയിൽ റാങ്ക് പട്ടികയിൽ ഇടംപിടിക്കാമെന്നും ആരോപണം ഉയരുന്നുണ്ട്.

രാവിലെ നടന്ന പരീക്ഷ വളരെ ലളിതമായിരുന്നു എന്നാണ് ഉദ്യോ​ഗാർത്ഥികൾ പറയുന്നത്. ഇതും അഴിമതിയുടെ ഭാ​ഗമാണെന്നും ആരോപണമുണ്ട്. സംഭവത്തിൽ സമ​ഗ്രമായ അന്വേഷണം വേണമെന്നും നിലവിലെ പരീക്ഷാരീതിയിൽ മാറ്റം വേണമെന്നുമാണ് ഉദ്യോ​ഗാർത്ഥികൾ ആവശ്യപ്പെടുന്നത്.

ശനിയാഴ്ച്ചയാണ് തമിഴ്നാട് റിക്രൂട്ട്മെന്റ് ബോർഡ് അസിസ്റ്റന്റ് പ്രൊഫസർമാർക്കുള്ള പരീക്ഷ നടത്തിയത്. 42,064 പേർ പരീക്ഷയെഴുതി. ആകെ ഹാജർ 89ശതമാനം ആയിരുന്നു. ചെന്നൈയിൽ 8,327 പേരിൽ 7,116 പേർ ഹാജരായി. സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ 2,708 ഒഴിവുകൾ നികത്തുന്നതിനായി നടത്തുന്ന റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കായി ടിആർബി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 196 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img