
കൊല്ലത്ത് സിപിഐ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടിവിട്ടു. മന്ത്രി ജെ ചിഞ്ചുറാണിയുടെ നിയോജകമണ്ഡലമായ ചടയമംഗലത്ത് കടയ്ക്കലിലാണ് സിപിഐ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടത്. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പാർട്ടി അംഗത്വം രാജിവെച്ചെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 700 ൽ അധികം പാർട്ടി അംഗങ്ങളും രാജിവെച്ചെന്ന് നേതാക്കൾ അവകാശപ്പെട്ടു. ജില്ലാ നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്നാണ് രാജി.
ഉൾപാർട്ടി പ്രശ്നങ്ങളാണ് തീരുമാനത്തിന് കാരണമെന്നാണ് പാർട്ടി വിട്ടവർ വ്യക്തമാക്കുന്നത്. അതേസമയം അഴിമതി നടത്തി സംഘടനാ നടപടി നേരിട്ടയാൾ അടക്കമാണ് രാജിവെച്ചതെന്ന് സിപിഐ ജില്ലാ നേതൃത്വം പറഞ്ഞു. 700 പ്രവർത്തകർ പാർട്ടി വിട്ടെന്നത് അടിസ്ഥാന രഹിതമായ വാദമെന്നാണ് നേതൃത്വത്തിൻ്റെ വിശദീകരണം.











