
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇന്ന് നിർണായക തീരുമാനം കൈക്കൊള്ളും. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കാനാണ് സർക്കാർ നീങ്ങുന്നതെന്നാണ് സൂചന.
മുൻമുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം സംബന്ധിച്ച നടപടികൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിൽ നിയമതടസ്സമില്ലെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.
എജിയുടെ നിയമോപദേശം ആഭ്യന്തര സെക്രട്ടറി ആഭ്യന്തരമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികളിൽ സർക്കാർ തീരുമാനമെടുക്കുക. മാസപ്പടി കേസിൽ സർക്കാർ സ്വീകരിക്കുന്ന ഇന്നത്തെ നിലപാട് ഏറെ നിർണായകമാകും.










