03:43pm 29 September 2026
NEWS
മാസപ്പടി കേസ്: പിണറായിക്കും റിയാസിനുമെതിരെ ഡയറിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ
29/09/2026  03:05 PM IST
nila
മാസപ്പടി കേസ്: പിണറായിക്കും റിയാസിനുമെതിരെ ഡയറിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ

കൊച്ചി: മാസപ്പടി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ പ്രാഥമിക അന്വേഷണം നടത്താതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാത്തതിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

ഇഡിയുടെ കൈവശമുള്ള പ്രധാന തെളിവ് ഒരു ഡയറിയാണെന്നും ഡയറിയുടെ മാത്രം അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വാദിച്ചു. ആദ്യം പ്രാഥമിക അന്വേഷണം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കേണ്ട സാഹചര്യമുണ്ടോയെന്ന് പരിശോധിക്കുകയും വേണമെന്നാണ് സർക്കാരിന്റെ നിലപാട്.

എന്നാൽ, ഡയറി മാത്രമല്ല തെളിവായി ഹാജരാക്കിയിട്ടുള്ളതെന്നും മൊഴികളും ഇഡി നൽകിയിട്ടുണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. കേസെടുക്കാൻ ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന ഇഡിയുടെ വാദവും കോടതി പരിഗണിച്ചു.

അതേസമയം, പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് നൽകിയ കത്ത് ഇഡി ഹൈക്കോടതിയിൽ ഹാജരാക്കി. ബന്ധപ്പെട്ടവരുടെ മൊഴികൾ ഉൾപ്പെടെയുള്ള വിവരങ്ങളും കോടതിക്ക് കൈമാറി. മൊഴികളുടെ പൂർണ പകർപ്പ് സർക്കാരിന് നൽകിയിട്ടില്ലെന്ന് ഇഡി വ്യക്തമാക്കി. എന്നാൽ കേസ് രജിസ്റ്റർ ചെയ്യാൻ പൂർണ മൊഴിപ്പകർപ്പ് ആവശ്യമില്ലെന്നും ആവശ്യമായ തെളിവുകൾ കത്തിലുണ്ടെന്നും ഇഡി വാദിച്ചു.

ബന്ധപ്പെട്ടവരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇഡി മറുപടി നൽകി. പൊലീസ് ആവശ്യപ്പെട്ടാൽ മൊഴികളുടെ പകർപ്പ് കൈമാറാൻ തയ്യാറാണെന്നും ഇഡി അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്യണമെന്ന നിലപാട് ഇഡി കോടതിയിൽ ആവർത്തിച്ചു. പൊലീസ് നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ നേരിട്ട് സമീപിക്കാനുള്ള അവകാശം ഇഡിക്കുണ്ടെന്നും കേന്ദ്ര ഏജൻസി വ്യക്തമാക്കി.

ഇഡിക്ക് പൊലീസിനെപ്പോലെ അന്വേഷണം നടത്താനുള്ള അധികാരമില്ലെന്നും വിവരശേഖരണവും തുടർനടപടികളുമാണ് ഇഡിയുടെ പരിധിയെന്നും സർക്കാർ വാദിച്ചു. എന്നാൽ ഇഡി അന്വേഷണ ഏജൻസി തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു.

മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് ഇഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയിൽ സർക്കാർ-ഇഡി വാദപ്രതിവാദം നടന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img