
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് സിഎംആർഎല്ലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തമ്മിലുള്ള നിയമപോരാട്ടം നാളെ നിർണായക ഘട്ടത്തിലേക്ക് കടക്കും. ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. അന്വേഷണത്തിനിടെ ശേഖരിച്ച വിവരങ്ങളും റെയ്ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങളും മുദ്രവെച്ച കവറിൽ കോടതിയെ അറിയിക്കാൻ ഇഡി തയ്യാറെടുക്കുകയാണ്. പരിശോധനയ്ക്കിടെ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവവും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് വിവരം.
കേസിൽ മതിയായ തെളിവുകളില്ലാതെ ഇഡി നടപടികൾ തുടരുകയാണെന്നാണ് സിഎംആർഎല്ലിന്റെ വാദം. എന്നാൽ കേസിൽ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും വീണ വിജയൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ അവതരിപ്പിക്കുമെന്നും ഇഡി വ്യക്തമാക്കും.
മുതിർന്ന അഭിഭാഷകരെ രംഗത്തിറക്കി അനുകൂല ഉത്തരവ് നേടാനാണ് സിഎംആർഎല്ലിന്റെ ശ്രമം. അതേസമയം, അഡീഷണൽ സോളിസിറ്റർ ജനറൽ ഇഡിക്കായി ഹാജരാകും. കേസിന്റെ തുടർനടപടികൾ ഡയറക്ടറേറ്റുമായി ആലോചിച്ചാണ് തീരുമാനിച്ചതെന്നും ഇഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മാസപ്പടി കേസുമായി ബന്ധപ്പെട്ട് അഞ്ചാം തവണയാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെത്തുന്നത്. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.










