11:15am 27 September 2026
NEWS
മാസപ്പടി കേസ്: ഡയറി പേജ് പുറത്തുവിട്ടതോടെ ബി.ജെ.പിയിൽ പൊട്ടിത്തെറി; രാജീവ് ചന്ദ്രശേഖർ–മുരളീധരൻ പോര് രൂക്ഷമാകും
27/09/2026  06:11 AM IST
nila
മാസപ്പടി കേസ്: ഡയറി പേജ് പുറത്തുവിട്ടതോടെ ബി.ജെ.പിയിൽ പൊട്ടിത്തെറി; രാജീവ് ചന്ദ്രശേഖർ–മുരളീധരൻ പോര് രൂക്ഷമാകും

സി.എം.ആർ.എൽ. മാസപ്പടി കേസിലെ ഡയറി പേജ് പുറത്തുവിട്ടതിനു പിന്നാലെ ബി.ജെ.പിയിൽ തുറന്ന പോര്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുതിർന്ന നേതാവ് വി. മുരളീധരനും പരസ്പരം നിലപാട് വ്യക്തമാക്കിയതോടെ വിവാദം പാർട്ടിക്കുള്ളിൽ പുതിയ തലത്തിലേക്ക്. ഷോൺ ജോർജ് പുറത്തുവിട്ട ഡയറി പേജാണ് തർക്കത്തിന്റെ കേന്ദ്രബിന്ദു.

ഷോൺ ജോർജ് സ്വന്തം നിലയിൽ നടത്തിയ നീക്കമാണ് ഡയറി പേജ് പുറത്തുവിടലെന്ന വാദം തള്ളുകയാണ് മുരളീധര വിഭാഗം. പാർട്ടിയുടെ മാധ്യമവിഭാഗവുമായി ചർച്ച ചെയ്തും സംസ്ഥാന നേതൃത്വത്തിന്റെ അനുമതി വാങ്ങിയുമാണ് ഷോൺ ജോർജ് പത്രസമ്മേളനം നടത്തിയതെന്നാണ് ഇവരുടെ വാദം.

നിർണായക വിഷയങ്ങളിൽ ബി.ജെ.പി. നേതാക്കൾ പത്രസമ്മേളനം നടത്തുമ്പോൾ സംസ്ഥാന മാധ്യമവിഭാഗവുമായി ആലോചിക്കുന്നത് പതിവാണ്. സംസ്ഥാന അധ്യക്ഷന്റെ അനുമതിയും തേടാറുണ്ട്. അതിനാൽ ഡയറി പേജ് പുറത്തുവിട്ട സംഭവത്തിൽ നേതൃത്വത്തിന് പങ്കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് മുരളീധര വിഭാഗത്തിന്റെ വാദം.

അതേസമയം, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്ന ഘട്ടത്തിൽ വി. മുരളീധരനെ മാറ്റിനിർത്തിയതിനു പിന്നാലെ സംസ്ഥാന ബി.ജെ.പിയിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങളും ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെ പശ്ചാത്തലമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് സംബന്ധിച്ച പരാതിയും ഉയർന്നത്. പരാതിക്കാരനും സംസ്ഥാന സെക്രട്ടറിക്ക് കമ്മിഷൻ നൽകിയെന്ന് ആരോപണമുള്ള സ്ഥാപനത്തിന്റെ തലവനും വി. മുരളീധരനുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് രാജീവ് വിഭാഗത്തിന്റെ ആരോപണം.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന ഘടകത്തിൽ വലിയ പുനഃസംഘടന നടത്താൻ രാജീവ് ചന്ദ്രശേഖർ നീക്കം നടത്തിയിരുന്നുവെന്നും എന്നാൽ ഫണ്ട് വിവാദത്തെ തുടർന്ന് കേന്ദ്ര നേതൃത്വം അത് തടഞ്ഞുവെന്നും പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു. പുനഃസംഘടന തടഞ്ഞതിനു പിന്നിൽ വി. മുരളീധരനും രണ്ട് ദേശീയ നേതാക്കളുമാണെന്നും രാജീവ് വിഭാഗം ആരോപിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ഡയറി പേജ് പുറത്തുവന്നതിനെ ചിലർ പാർട്ടിക്കുള്ളിലെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി കാണുന്നത്.

ഡയറിയിൽ പേരുള്ളവർക്കെതിരെ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്താൽ പാർട്ടി തലത്തിൽ അന്വേഷണം നടത്തുമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. എന്നാൽ ഡയറിയുടെ ആധികാരികത സംബന്ധിച്ച് ഷോൺ ജോർജിനോടാണ് ചോദിക്കേണ്ടതെന്നും ഷോണുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന അധ്യക്ഷനോടാണ് വിശദീകരണം തേടേണ്ടതെന്നും വി. മുരളീധരൻ പ്രതികരിച്ചു.

ഇരുവരുടെയും പ്രതികരണങ്ങളും പത്രസമ്മേളന ദൃശ്യങ്ങളും ബി.ജെ.പി. നേതാക്കൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവാദം പരസ്യമായതിൽ ആർ.എസ്.എസ്. നേതൃത്വത്തിനും അതൃപ്തിയുണ്ടായെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.

നേതാക്കൾക്ക് മുന്നറിയിപ്പുമായി സംസ്ഥാന നേതൃത്വം

വിവാദം രൂക്ഷമായതിനു പിന്നാലെ നിർണായക വിഷയങ്ങളിൽ നേതാക്കൾ സ്വന്തം നിലയിൽ നിലപാട് പ്രഖ്യാപിക്കരുതെന്ന നിർദേശം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയതായാണ് വിവരം.

പാർട്ടി നേതൃത്വം അറിഞ്ഞും അംഗീകരിച്ചും മാത്രമേ ഇത്തരം വിഷയങ്ങളിൽ പൊതുവായി പ്രതികരിക്കാവൂ. പത്രസമ്മേളനങ്ങളിലും സാമൂഹികമാധ്യമങ്ങളിലും പാർട്ടിയുടെ ഔദ്യോഗിക നിലപാട് മാത്രമേ അവതരിപ്പിക്കാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്.

സി.എം.ആർ.എൽ. മാസപ്പടി കേസിലെ ഡയറി പേജ് പുറത്തുവന്നതിന് പിന്നാലെ അതിൽ ബി.ജെ.പി., സംഘപരിവാർ നേതാക്കളുടെ പേരുകളുണ്ടെന്ന തരത്തിലുള്ള പ്രചാരണം ശക്തമായതാണ് പാർട്ടിക്കുള്ളിലെ പ്രശ്നം കൂടുതൽ വഷളാക്കിയത്.

ബി.ജെ.പി.യുടെ മാധ്യമ, സാമൂഹികമാധ്യമ വിഭാഗങ്ങളുടെ ചുമതല ഷോൺ ജോർജിന് അടുത്തിടെയാണ് നൽകിയത്. പാർട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിനിടെ തന്നെ ബി.ജെ.പി.യുടെ ഔദ്യോഗിക സാമൂഹികമാധ്യമ പേജിലും ഡയറിയിലെ പേജ് പ്രസിദ്ധീകരിച്ചിരുന്നു.

ഇതിന് പിന്നാലെ ഡയറിയുടെ മറ്റ് ഭാഗങ്ങളും പുറത്തുവന്നു. ഇതോടെ ഡയറിയിലെ പേരുകൾ സംബന്ധിച്ച ചർച്ചയ്ക്കൊപ്പം, പേജ് പുറത്തുവിട്ടതിന് പിന്നിലെ നടപടിക്രമങ്ങളും പാർട്ടിക്കുള്ളിലെ അധികാര തർക്കവും വീണ്ടും ചർച്ചയാകുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img