
കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസിനും സി.എം.ആർ.എല്ലിനും വൻ തിരിച്ചടി. കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെയും അന്തിമ റിപ്പോർട്ടിലെയും മുഴുവൻ അനുബന്ധ രേഖകളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൈമാറാൻ കൊച്ചിയിലെ പ്രത്യേക പി.എം.എൽ.എ കോടതി ഉത്തരവിട്ടു. രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി നൽകിയ അപേക്ഷയിലാണ് കോടതിയുടെ ഈ നിർണായക നടപടി.
സി.എം.ആർ.എല്ലും എക്‌സാലോജിക്കും തമ്മിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന അന്വേഷണവുമായി മുന്നോട്ട് പോകുന്ന ഇ.ഡിക്ക് ഈ ഉത്തരവ് വലിയ നേട്ടമാകും. എസ്.എഫ്.ഐ.ഒ 54 വാല്യങ്ങളായി സമർപ്പിച്ച അന്തിമ റിപ്പോർട്ടിലെ 134 സെറ്റ് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് 10 ദിവസത്തിനകം ഇ.ഡിക്ക് ലഭിക്കുക. ഇ.ഡിയുടെ ഈ ആവശ്യത്തെ എസ്.എഫ്.ഐ.ഒ കോടതിയിൽ പിന്തുണച്ചപ്പോൾ, സി.എം.ആർ.എൽ ഉന്നയിച്ച എതിർപ്പുകൾ കോടതി പൂർണ്ണമായും തള്ളി.
തുടർനടപടികൾ വേഗത്തിലാകും
ലഭിക്കുന്ന രേഖകൾ വിശദമായി പരിശോധിച്ച ശേഷമാകും ഇ.ഡിയുടെ അടുത്ത ഘട്ട നടപടികൾ. ടി. വീണ ചെന്നൈയിൽ വെച്ച് എസ്.എഫ്.ഐ.ഒയ്ക്ക് നൽകിയ മൊഴി, സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ മൊഴികൾ, പിടിച്ചെടുത്ത രേഖകൾ, ഇരു കമ്പനികളും തമ്മിലുള്ള കരാറുകൾ എന്നിവയടക്കം ഇ.ഡിയുടെ കൈകളിൽ എത്തുന്നതോടെ കേസ് അന്വേഷണത്തിന് കൂടുതൽ കരുത്താകും.
ഇല്ലാത്ത സേവനത്തിന്റെ പേരിലും വായ്പയായും എക്‌സാലോജിക്കിന് 2.78 കോടി രൂപ കൈമാറിയതിലെ സാമ്പത്തിക വഞ്ചനയാണ് എസ്.എഫ്.ഐ.ഒ അന്വേഷിച്ചത്. നിലവിൽ വീണയുടെയും എക്‌സാലോജിക്കിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ പരിശോധന ഇ.ഡി പൂർത്തിയാക്കിയിട്ടുണ്ട്. ഇനി ബാങ്ക് ലോക്കർ കൂടി പരിശോധിച്ച ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ടി. വീണയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുക.
ചോദ്യം ചെയ്യലിൽ തൃപ്തികരമായ മറുപടിയോ ആവശ്യമായ രേഖകളോ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലേക്കും അറസ്റ്റിലേക്കും വരെ കാര്യങ്ങൾ നീങ്ങിയേക്കുമെന്നാണ് സൂചന. ഇ.ഡി ആസ്ഥാനത്തെ ഡയറക്ടറുടെയും ചെന്നൈ സ്പെഷ്യൽ ഡയറക്ടറുടെയും നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരിക്കും കൊച്ചി സോൺ ഓഫീസിന്റെ തുടർന്നുള്ള നീക്കങ്ങൾ.











