
വാലന്റൈൻസ് ദിനത്തെ വേറിട്ട രീതിയിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൗതുകകരമായ അവസരവുമായി അമേരിക്കയിലെ ഒരു മൃഗശാല. ബാൾട്ടിമോറിലുള്ള മെറിലൻഡ് മൃഗശാലയാണ് വ്യത്യസ്തമായ രീതിയിൽ പ്രണയദിനം ആഘോഷിക്കാൻ അവസരമൊരുക്കുന്നത്. മുൻ കാമുകന്റെയോ കാമുകിയുടെയോ പേര് മൃഗങ്ങളുടെ വിസർജ്യത്തിന് നല്കാമെന്നതാണ് ഇവരുടെ ഓഫർ.
ധനശേഖരണ ലക്ഷ്യത്തോടെയാണ് മൃഗശാല പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ‘ഡോളേഴ്സ് ഫോർ ഡങ്’ എന്ന പേരിലുള്ള പദ്ധതിയിൽ വെറും അഞ്ച് ഡോളർ സംഭാവന ചെയ്താൽ, നിങ്ങൾ നിർദേശിക്കുന്ന പേരിൽ ഒരു മൃഗത്തിന്റെ വിസർജ്യത്തെ നാമകരണം ചെയ്ത് അതിന്റെ പി.ഡി.എഫ് സർട്ടിഫിക്കറ്റ് നൽകും.
“ഈ വാലന്റൈൻസ് ദിനത്തിൽ ഹൃദയവേദനയെ തമാശയാക്കി മാറ്റാനുള്ള മികച്ച മാർഗമാണ് ഡോളേഴ്സ് ഫോർ ഡങ്. വെറും അഞ്ച് ഡോളറിന് നിങ്ങളുടെ എക്സിന്റെ പേര് മൃഗവിസർജ്യത്തിന് നൽകാം. മൃഗസംരക്ഷണത്തിന് പിന്തുണ നൽകുന്നതിനൊപ്പം അല്പം വിനോദവും ലഭിക്കും,” എന്നാണ് മൃഗശാലയുടെ സമൂഹമാധ്യമ കുറിപ്പ്.
പദ്ധതിയിലൂടെ ലഭിക്കുന്ന തുക മൃഗങ്ങളുടെ പരിപാലനത്തിനും ആവാസവ്യവസ്ഥ സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കും. ആയിരത്തിലധികം മൃഗങ്ങളെ സംരക്ഷിക്കുന്ന മൃഗശാലയിൽ വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവിവർഗങ്ങളും ഉൾപ്പെടുന്നു. ഇത് രണ്ടാം തവണയാണ് മൃഗശാല ഇത്തരമൊരു പദ്ധതി സംഘടിപ്പിക്കുന്നത്. മുൻപ് നടത്തിയ പരിപാടിയിലൂടെ ഏകദേശം പതിനായിരം ഡോളർ സമാഹരിച്ചതായും അധികൃതർ അറിയിച്ചു. ഇത്തവണ ഇതിനകം ലോകത്തെ 30-ലധികം രാജ്യങ്ങളിൽ നിന്നായി സംഭാവനകൾ ലഭിച്ചതായും മൃഗശാല വ്യക്തമാക്കി.











